മോട്ടോര്‍ വാഹന നിയമം: ഉയര്‍ന്ന പിഴ പിന്‍വലിക്കില്ല- നിതിന്‍ ഗഡ്കരി

Posted on: September 13, 2019 2:12 pm | Last updated: September 14, 2019 at 10:28 am

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടും വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ എതിര്‍ത്തിട്ടും പുതിയ മോട്ടോര്‍ വാഹന നിയമത്തില്‍ നിലപാട് മാറ്റാതെ കേന്ദ്രം. മോട്ടോര്‍വാഹന നിയമഭേദഗതിയിലെ ഉയര്‍ന്ന പിഴ പിന്‍വലിക്കില്ലെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് നിയമത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തും. ഈ യോഗത്തോടെ വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ ആശങ്ക മാറുമെന്നാണ് കരുതുന്നത്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനാണ് ഉയര്‍ന്ന പിഴയെന്നും ഗഡ്കരി പറഞ്ഞു.

മോട്ടോര്‍വാഹന നിയമഭേദഗതിക്കെതിരെ ബി ജെ പി മുഖ്യമന്ത്രിമാര്‍ തന്നെ രംഗത്തുവരുമ്പോഴാണ് ഗഡ്കരി നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്. പിഴ കുറക്കാനുള്ള ഗുജറാത്തിന്റേയും ഉത്തരാഖണ്ഡിന്റേയും തീരുമാനത്തിലും ഗഡ്കരി അതൃപ്തി അറിയിച്ചു.