സുബ്രതോ കപ്പ്: ഗോൾ ശരാശരിയിൽ കേരളം പുറത്ത്

Posted on: September 13, 2019 6:44 am | Last updated: September 13, 2019 at 12:46 pm


മലപ്പുറം: സുബ്രതോ കപ്പ് അന്തർദേശീയ ഫുട്‌ബോൾ ടൂർണമെന്റിൽ അണ്ടർ-17 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന എൻ എൻ എം എച്ച് എസ് എസ് ചേലേമ്പ്ര പുറത്തായി.

മരണഗ്രൂപ്പെന്ന് അറിയപ്പെട്ട പൂൾ ഇ യിലെ ഇന്നലെ നടന്ന അവസാന മത്സരത്തിൽ ബംഗ്ലാദേശ് എയർഫോഴ്‌സ് ടീമിനെ 6-1ന് നിലയിൽ തകർത്തെങ്കിലും പൂൾ ഇ യിൽ കേരളവും മിസോറാമും തുല്യപോയിന്റുകൾ നേടി ഗ്രൂപ്പിൽ ഒന്നാമതാകുകയായിരുന്നു. ഇതേത്തുടർന്ന് ഗോൾ ശരാശരിയുടെ പിൻബലത്തിൽ മിസോറാം കേരളത്തെ പിന്തള്ളി.

മികച്ച ആവറേജിൽ ജയം അനിവാര്യമായിരുന്ന കേരളത്തിന് മികച്ച മുന്നേറ്റങ്ങൾ ഗോളാക്കി മാറ്റാൻ സാധിക്കാത്തതാണ് വിനയായത്. കേരളത്തിനു വേണ്ടി ക്യാപറ്റൻ നന്ദു കൃഷ്ണ ഹാട്രിക് നേടി. മുഹമ്മദ് റോഷൽ, അബ്ദുൽ ഫാഹിസ്, ഹേമന്ദ് എന്നിവരാണ് കേരളത്തിനു വേണ്ടി സ്‌കോർ ചെയ്തത്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മിസോറാമിനെ ഗോൾരഹിത സമനിലയിൽ തളച്ച കേരളം, ഐ ബി എസ് ഒ ഡൽഹിയെ 12-3 എന്ന നിലയിലും വെസ്റ്റ് ബംഗാളിനെ 3-0 എന്ന നിലയിലും പരാജയപ്പെടുത്തിയിരുന്നു. പക്ഷേ, നിർഭാഗ്യം ചേലേമ്പ്ര ടീമിന്റെ കുതിപ്പിനെ തടയുകയായിരുന്നു.
മൻസൂർ അലിയാണ് ടീം കോച്ച്. മാനേജർ ബൈജീവ്, ഫിസിയോ നിംഷാദ് ടി കെ, ഒഫീഷ്യൽസ് മുഹമ്മദ്, ഫസലുൽ ഹഖ് എന്നിവരും ടീമിനൊപ്പം ഉണ്ടായിരുന്നു.