ഫാക്‌ടറി വിൽക്കാനൊരുങ്ങി ഫോർഡ് മോട്ടോർ

Posted on: September 13, 2019 12:40 pm | Last updated: September 13, 2019 at 12:40 pm


മുംബൈ: ഗുജറാത്തിലെ ഫാക്ടറി വിൽക്കാനൊരുങ്ങി ആഗോള വാഹന നിർമാണ കമ്പനിയായ ഫോർഡ് മോട്ടോർ. രാജ്യത്ത് രണ്ട് കമ്പനികളാണ് ഫോർഡിനുള്ളത്. ഗുജറാത്തിലെ സാനന്ദിൽ പുതുതായി തുടങ്ങിയ ഫാക്ടറി വിൽക്കാനുള്ള ചർച്ച ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ വാഹന വിപണിയിൽ തുടരുന്ന പ്രതിസന്ധിയെ തുടർന്നാണ് ഇത്. രണ്ട് പതിറ്റാണ്ടിനിടെയുള്ള റെക്കോർഡ് ഇടിവാണ് വാഹന വിൽപ്പനയിൽ കഴിഞ്ഞ മാസം രാജ്യത്തുണ്ടായത്.

ഷാംഗ്ഹായിയിലെ ഫോർഡിന്റെ ഏഷ്യാ- പസഫിക് ആസ്ഥാനത്താണ് ചർച്ച. ആരുമായാണ് ചർച്ചയെന്നതോ എത്ര ദിവസം നീണ്ടുനിൽക്കുമെന്നതോ വ്യക്തമല്ല. 2015 മാർച്ചിൽ 100 കോടി ഡോളർ ചെലവഴിച്ചാണ് സാനന്ദിൽ ഫോർഡ് ഫാക്ടറി ആരംഭിച്ചത്. വർഷം 2.40 ലക്ഷം വാഹനങ്ങളും 2.70 ലക്ഷം എൻജിനുകളും നിർമിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. നിലവിലുള്ളതോ പുതിയതോ ആയ യന്ത്ര നിർമാണ കമ്പനികൾക്ക് യോജിച്ചതാണ് സാനന്ദ് പ്ലാന്റ്. അത്യാധുനിക സൗകര്യത്തിന് പുറമേ തുറമുഖത്തിന് സമീപത്തുമാണ്. അതിനാൽ ലോജിസ്റ്റിക്‌സ് ചെലവ് കുറയും. ആസ്പിയർ, ഫിഗോ മോഡലുകളാണ് സാനന്ദിൽ ഫോർഡ് നിർമിക്കുന്നത്. ഇതാകട്ടെ, പ്രധാനമായും കയറ്റുമതി ആവശ്യത്തിനാണ്. 30ലേറെ രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. 1995ൽ ചെന്നൈയിലാണ് ഫോർഡ് ആദ്യ ഫാക്ടറി തുറന്നത്. ഇവിടെ പ്രതിവർഷം രണ്ട് ലക്ഷം വാഹനങ്ങളും 3.40 ലക്ഷം എൻജിനുകളും നിർമിക്കാം.

ഇകോസ്‌പോർട്ട്, എൻഡവർ മോഡലുകളാണ് ഇവിടെ നിർമിക്കുന്നത്. പ്രധാനമായും ആഭ്യന്തര വിപണി ലക്ഷ്യമിട്ടാണിത്. ഫോർഡിന്റെ രാജ്യത്തെ വിൽപ്പന ഏപ്രിൽ- ആഗസ്റ്റ് കാലയളവിൽ 26 ശതമാനം കുറഞ്ഞിരുന്നു. കയറ്റുമതി 11 ശതമാനവും ഇടിഞ്ഞു. ഇന്ത്യയിൽ രണ്ട് പ്ലാന്റിന്റെ ആവശ്യമില്ല എന്നതിനാലാകണം ഈ തീരുമാനമെന്നും റിപ്പോർട്ടുണ്ട്. 1,100 കോടി ഡോളറിന്റെ ഉടച്ചുവാർക്കലിന്റെ ഭാഗമായി പുതിയ വിപണികളിൽ ഉത്പാദനം വെട്ടിച്ചുരുക്കുകയാണ് ഫോർഡ്. അതേസമയം, ഫോർഡ് ഇന്ത്യയുടെ വക്താവ് സാനന്ദ് പ്ലാന്റ് വിൽപ്പന വാർത്തകളെ തള്ളിയിട്ടുണ്ട്. രാജ്യത്തെ വാഹന വിപണിയിലെ മാന്ദ്യം കാരണം മാരുതി സുസുകി, അശോക് ലെയ്‌ലൻഡ് തുടങ്ങിയ വമ്പൻ കമ്പനികൾ ഉത്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്.