ഓണക്കാലത്തെ പാൽ വിൽപന: തമിഴ്‌നാട് പിൻമാറി; മിൽമക്ക് ഒരു കോടി രൂപ നഷ്ടം

Posted on: September 13, 2019 12:35 pm | Last updated: September 13, 2019 at 12:35 pm


കോഴിക്കോട്: ഓണക്കാലത്തെ പാൽക്കച്ചവടത്തിൽ നിന്ന് തമിഴ്‌നാട് ഇത്തവണ പിൻമാറിയതോടെ മിൽമക്ക് ഒരു കോടി രൂപ നഷ്ടം. അത്തം മുതൽ ഏഴ് ദിനം ശരാശരി ദിനേനെ ആറ് ലക്ഷം ലിറ്റർ പാലും തിരുവോണ ദിനത്തോടനുബന്ധിച്ച ദിനങ്ങളിൽ അതിലധികവും ആവശ്യമായി വന്നതിനാൽ കർണാടകയിൽ നിന്നാണ് മിൽമ ഇത്തവണ അധികം പാൽ ഇറക്കുമതി ചെയ്തത്. ഓണക്കാലത്ത് അധികം വേണ്ടി വരുന്ന പാലിന് സാധാരണ ഗതിയിൽ തമിഴ്‌നാടിനെയാണ് മിൽമ കൂടുതൽ ആശ്രയിക്കാറെങ്കിലും ഇത്തവണ മുഴുവനായും കർണാടകയിൽ നിന്നുള്ള പാലാണ് കേരളം കുടിച്ചത്.
തമിഴ്‌നാടിനെ അപേക്ഷിച്ച് ലിറ്റർ പാലിന് ട്രാൻസ്‌പോർട്ട് ഇനത്തിൽ ഒന്നര രൂപ അധികം ചെലവഴിക്കേണ്ടി വന്നുവെന്ന് മിൽമ മാർക്കറ്റിംഗ് മാനേജർ രാജീവ് സകറിയ്യ സിറാജിനോട് പറഞ്ഞു.

സാധാരണ ഗതിയിൽ 12 മുതൽ 13 ലക്ഷം വരെ ലിറ്റർ പാലാണ് ഒരു ദിവസം കേരളത്തിന് ആവശ്യമായി വരാറെങ്കിലും ഓണ സീസണിൽ ഈ അളവിൽ വലിയ മാറ്റങ്ങളുണ്ടാകും. ഓണക്കാലത്ത് ഗ്രാമങ്ങളിൽ ആവശ്യക്കാർ കൂടുമെന്നിരിക്കെ സൊസൈറ്റികളിൽ നിന്ന് മിൽമക്ക് ലഭിക്കുന്ന പാലിന്റെ കാര്യത്തിൽ വലിയ കുറവനുഭവപ്പെടും. അതേസമയം, മിൽമ പാലിന്റെ ആവശ്യക്കാർ നന്നായി വർധിക്കുകയും ചെയ്യും.

ഇത്തവണ തിരുവോണ നാളിനോടനുബന്ധിച്ച മൂന്നു ദിനങ്ങളിലായി മിൽമ വിറ്റഴിച്ചത് 60 ലക്ഷം ലിറ്റർ പാലാണ്.
സാധാരണ ദിവസങ്ങളിൽ 32 രൂപക്കാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് മിൽമ പാൽ സംഭരിക്കാറെങ്കിലും ഇത്തവണ ഓണക്കാലത്ത് 34 രൂപ കൊടുക്കേണ്ടിവന്നു.
മിൽമയെ സംബന്ധിച്ച് മലബാർ, എറണാകുളം, തിരുവനന്തപുരം എന്നിങ്ങന മൂന്ന് മേഖലകളായാണ് മിൽമ പാൽ വിതരണം. പാൽ സംഭരണത്തിൽ മുന്നിൽ നിൽക്കുന്ന മലബാർ മേഖല ഇത്തവണ ഓണത്തിന് റെക്കോർഡ് പാൽ വിൽപ്പനയാണ് നടത്തിയത്. മൂന്ന് ദിവസം കൊണ്ട് 27 ലക്ഷം ലിറ്റർ. പാൽ വിൽപ്പനയിൽ 12 ശതമാനവും തൈര് വിൽപ്പനയിൽ 19 ശതമാനവുമാണ് മലബാറിന്റെ വർധനവ്. കൂടാതെ നെയ്യ്, പാലട, ബട്ടർ, പുതുതായി വിപണിയിലിറക്കിയ സേമിയ പായസം, ചീസ് , യോഗർട്ട് എന്നിവക്കും നല്ല ഡിമാന്റുണ്ടായി.