നീരവ് മോദിയുടെ സഹോദരനെതിരെയും റെഡ് കോര്‍ണര്‍ നോട്ടീസ്

Posted on: September 13, 2019 12:46 pm | Last updated: September 13, 2019 at 9:30 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബേങ്കില്‍ നിന്നും വായ്പയെടുത്ത് രാജ്യംവിട്ട വിവാദ വ്യവസായി നീരവ് മോദിയെ സഹായിക്കുന്ന നിലപാട് എടുത്ത സഹോദരന്‍ നെഹല്‍ മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ബേങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട നെഹല്‍ നീരവ് മോദിയെ സഹായിക്കുന്നുണ്ടെന്നും നെഹലിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പണമിടപാടുകള്‍ മറച്ചുവെക്കാനും തെളിവുകള്‍ നശിപ്പിക്കാനും നീരവ് മോദിയെ സഹായിച്ചത് നെഹല്‍ ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. നീരവ് മോദി പഞ്ചാബ് നാഷണല്‍ ബേങ്കില്‍ 13,600 കോടി രൂപ വായ്പയെടുത്ത് അഴിമതി നടത്തിയ ശേഷം നെഹല്‍ മോദി ദുബൈയിലേക്കും ഹോങ്കോങ്ങിലെയും എല്ലാ ഡമ്മി ഡയറക്ടര്‍മാരുടെയും സെല്‍ ഫോണുകള്‍ നശിപ്പിക്കുകയും കെയ്‌റോയിലേക്ക് മാറാനായി അവര്‍ക്ക് വിമാനടിക്കറ്റുകള്‍ എടുത്തുകൊടുത്തതായും ഇ ഡി കണ്ടെത്തിയിരുന്നു.