പാലായില്‍ വെള്ളാപ്പള്ളിയുടെ എല്‍ ഡി എഫ് അനുകൂല പ്രസ്താവന: പ്രതികരിച്ച് നേതാക്കള്‍

Posted on: September 13, 2019 12:23 pm | Last updated: September 13, 2019 at 12:23 pm

കോട്ടയം: പാലായില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് അനുകൂല തംരഗമാണ് സമുദായ സംഘടനകള്‍ക്കിടയിലുള്ളതെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിച്ച് രാഷ്ട്രീയ നേതാക്കള്‍.
വെള്ളാപ്പള്ളി ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതെന്ന് അറിയില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. അദ്ദേഹം അങ്ങനെ പറയുമെന്ന് കരുതുന്നില്ല. പാലായില്‍ യു ഡി എഫ് വിജയം ഉറപ്പാണെന്നും ജോസ് കെ മാണി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാല മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനും സ്വാഗതം ചെയ്തു.
വെള്ളാപ്പള്ളിയുടെ നിലപാട് എല്‍ ഡി എഫിന് ഗുണം ചെയ്യുമെന്ന് കോടിയേരി പറഞ്ഞു. പാലയില്‍ സഹതാപ തരംഗം ഇല്ല. വെള്ളാപ്പള്ളിയെപോലെ കൂടുതല്‍ സമുദായ നേതാക്കള്‍ എല്‍ ഡി എഫിനെ അനുകൂലിച്ച് എത്തും. യു ഡി എഫ് ശിഥിലമായെന്നും കോടിയേരി പറഞ്ഞു.

പിന്തുണക്ക് നന്ദിയെന്നും വെള്ളാപ്പള്ളി നേരിട്ട് പിന്തുണ പ്രഖ്യാപിച്ചെന്നും മാണി സി കാപ്പന്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെക്കുറിച്ച് എസ് എന്‍ ഡി പിക്ക് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലയില്‍ മാണി അനുകൂല തംരഗമില്ലെന്നും സമുദായ അംഗങ്ങള്‍ക്കിടയില്‍ മാണി സി കാപ്പന്‍ അനുകൂല തരംഗമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതേ രീതിയില്‍ പോയാല്‍ എല്‍ ഡി എഫ് വിജയിക്കും. രണ്ടില ചിഹ്നം നിലനിര്‍ത്താനാകാത്ത പാര്‍ട്ടി എങ്ങിനെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.