ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ആശങ്കപ്പെട്ടതിനേക്കാള്‍ മോശം: ഐ എം എഫ്

Posted on: September 13, 2019 11:57 am | Last updated: September 13, 2019 at 4:12 pm

ന്യുഡല്‍ഹി: തകര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ ആശങ്ക പ്രകടിപ്പിച്ച് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്). സാമ്പത്തിക സ്ഥിതി ആശങ്കപ്പെട്ടതിനെക്കാള്‍ മോശമാണെന്നും ബേങ്കിംഗ് ഇതര സ്ഥാപനങ്ങളുടെ അടക്കം മോശം വളര്‍ച്ചയാണ് ഇതിന് കാരണമെന്നും ഐ എം എഫ് വക്താവ് ഗെറി റൈസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോര്‍പ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണ സംവിധാനത്തിലെ അനിശ്ചിതത്വങ്ങളും ബേങ്കിംഗ് ഇതര സ്ഥാപനങ്ങളുടെ മോശം പ്രവര്‍ത്തനവുമാണ് തിരിച്ചടിയുണ്ടാക്കുന്നത്. പുതിയ കണക്കുകള്‍ വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി അഞ്ചാം പാദത്തിലാണ് മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ കുറവുണ്ടാകുന്നത്.

സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന കാര്യം സര്‍ക്കാരും അംഗീകരിച്ചതാണ്. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ധനവകുപ്പ് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഓഹരി വിപണിയില്‍നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുകയായിരുന്നു.