റോഡ് സുരക്ഷ: പിന്മടക്കം അനുചിതമാണ്‌

മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ശിക്ഷയുടെ തോത് വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറെടുത്ത തീരുമാനം ഇന്ത്യന്‍ യൂനിയനില്‍ നിലനില്‍ക്കുന്ന ഫെഡറല്‍ ജനാധിപത്യ ക്രമത്തിന്റെ ലംഘനമാണെന്നതില്‍ തര്‍ക്കമില്ല. അത്തരം പല ലംഘനങ്ങള്‍ അവര്‍ ഇതിനകം ചെയ്തിട്ടുമുണ്ട്. അതിനെ അപലപിക്കുമ്പോള്‍ തന്നെ, റോഡ് സുരക്ഷ ഉറപ്പാക്കാന്‍ പാകത്തില്‍ നടപടികളെടുക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാറുകള്‍ മാറിനില്‍ക്കുന്നത് ഉചിതമല്ല. ജനരോഷമുണ്ടാകുമെന്ന ഭീതിയില്‍, അത് സൃഷ്ടിച്ചെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമെന്ന ആശങ്കയില്‍ തീരുമാനിക്കേണ്ടതല്ല മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നതിന് നല്‍കേണ്ട ശിക്ഷയുടെ അളവ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഭരണഘടനാപരമായി ചുമതലപ്പെട്ട സര്‍ക്കാറുകള്‍ ഇവ്വിധമാണോ ആലോചിക്കേണ്ടത്? റോഡൊക്കെ നന്നാക്കിയതിന് ശേഷം ഇതൊക്കെ നടപ്പാക്കാമെന്ന വാദം ഉയരുന്നുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. അപ്പോഴും ജീവന്‍ സംരക്ഷിക്കാനോ അപകടത്തിന്റെ ആഘാതം കുറക്കാനോ പാകത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ അനിവാര്യമല്ലേ. ഇതൊക്കെ ജനത്തെ പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ ഇത്രയും കാലം ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിച്ചത് എന്ന് വിശ്വസിക്കുക പ്രയാസം.
Posted on: September 13, 2019 11:41 am | Last updated: September 13, 2019 at 11:41 am

നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്ത് മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതി പ്രാബല്യത്തിലാക്കേണ്ടതില്ലെന്ന് വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലും പിഴയുടെ വലുപ്പം കുറക്കാന്‍ ആലോചന നടക്കുന്നു. മോട്ടോര്‍ വാഹന മേഖല കേന്ദ്ര സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറിനും ഒരു പോലെ അധികാരമുള്ള പട്ടികയില്‍ വരുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ നിയമത്തില്‍ ഭേദഗതി വരുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടി നിയമപരമായി തെറ്റാണെന്ന് പറയാനാകില്ല. പക്ഷേ, ഇന്ത്യന്‍ യൂനിയന്‍ പിന്തുടരുന്ന ഫെഡറല്‍ ഭരണക്രമത്തിന്റെ അന്തസ്സത്ത പരിഗണിക്കുകയാണെങ്കില്‍ നിയമം മാറ്റാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം അംഗീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ രണ്ടാമൂഴത്തില്‍ അധികാര കേന്ദ്രീകരണം വളരെ വേഗത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനാല്‍ അവര്‍ ഫെഡറല്‍ ഭരണക്രമത്തിന്റെ അന്തസ്സത്തയെക്കുറിച്ചൊക്കെ ആലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ബി ജെ പി തന്നെ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിലത് കനത്ത പിഴ ഇളവ് ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അധികാരമുണ്ടാകുമെന്ന് വ്യവസ്ഥ ചെയ്ത് പുതിയ വജ്ഞാപനം പുറപ്പെടുവിക്കുമെന്ന് നിഥിന്‍ ഗഡ്കരിക്ക് പറയേണ്ടി വന്നത്.
മദ്യപിച്ച് വണ്ടിയോടിച്ചാല്‍ 10,000 രൂപ, സീറ്റ് ബെല്‍റ്റോ ഹെല്‍മറ്റോ ധരിക്കാതെ വണ്ടിയോടിച്ചാല്‍ 1,000 രൂപ, ഇരുചക്ര വാഹനങ്ങളില്‍ അമിത ഭാരം കയറ്റലിന് 2,000 രൂപയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യലുമെന്നിങ്ങനെ ശിക്ഷയുടെ അളവ് വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവരെ സംബന്ധിച്ച് വലിയ ബാധ്യതയാകുമിതെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് തന്നെ എതിര്‍പ്പുയരും. നിയമം നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാറുകളായതിനാല്‍ എതിര്‍പ്പിന്റെ ആഘാതം തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടി വരിക ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടികളായിരിക്കും. അതുകൊണ്ടാണ് പിഴത്തുക വെട്ടിക്കുറക്കാന്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെ ആദ്യം തയ്യാറായത്, ആ വഴിക്ക് ആലോചിക്കാന്‍ കേരളത്തിലെ ഇടത് ജനാധിപത്യ മുന്നണി തയ്യാറാകുന്നത്.

അതവിടെ നില്‍ക്കട്ടെ, നാലോ അഞ്ചോ മാസം മുമ്പ് തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രക്കിടെ തിരുവനന്തപുരം ഡെന്റല്‍ കോളജ് ആശുപത്രിയിലെ സര്‍ജനെ പരിചയപ്പെട്ടു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ സേവനമനുഷ്ഠിക്കുന്ന കമ്മിറ്റഡായ ഡോക്ടര്‍മാരുടെ പട്ടികയില്‍പ്പെട്ട ഒരാള്‍. പേര് ഓര്‍മയിലില്ല. ദീര്‍ഘകാലം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ചിരുന്നുവെന്നത് കൊണ്ടുതന്നെ ഈ നഗരത്തെക്കുറിച്ചും പരിസര പ്രദേശങ്ങളെക്കുറിച്ചുമാണ് സംസാരിച്ച് തുടങ്ങിയത്. ഡെന്റല്‍ കോളജ് ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് അടുത്ത പരിശോധനാ തീയതിയെക്കുറിച്ചുള്ള വിവരം പോസ്റ്റ് കാര്‍ഡില്‍ എഴുതി അറിയിക്കുന്നത് പോലുള്ള സംവിധാനങ്ങളുടെ തുടക്കത്തെക്കുറിച്ചൊക്കെ പറഞ്ഞു. ഡെന്റല്‍ കോളജ് ആശുപത്രികളിലെ വലിയ തിരക്കിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് അത് കൈകാര്യം ചെയ്യുന്നതിന് പോസ്റ്റ് കാര്‍ഡിലൂടെ വിവരങ്ങള്‍ അറിയിക്കുന്ന രീതിയെക്കുറിച്ചൊക്കെ പറഞ്ഞത്.

തിരക്കിനെക്കുറിച്ച് പറഞ്ഞ കൂട്ടത്തില്‍, സംസ്ഥാനത്ത് ഹെല്‍മറ്റ് ഉപയോഗം നിര്‍ബന്ധമാക്കിയാല്‍ ഡെന്റല്‍ കോളജുകളിലെ തിരക്ക് വലിയൊരളവ് വരെ നിയന്ത്രിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെന്റല്‍ കോളജ് ആശുപത്രികളില്‍ അടിയന്തര ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെടുന്നവരില്‍ വലിയൊരളവ് അപകടങ്ങളില്‍ പരുക്കേറ്റവരാണ്. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് പരുക്കേല്‍ക്കുന്നവര്‍. മിക്കവാറും ആളുകള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടാകില്ല. താടി ഭാഗം കൂടി മൂടുന്ന വിധത്തിലുള്ള ഹെല്‍മറ്റുകള്‍ ധരിച്ചാല്‍ അപകടം മൂലം പല്ലിനും മറ്റുമുണ്ടാകുന്ന ക്ഷതം ഒരു പരിധിവരെ ഒഴിവാക്കാനാകും. ശസ്ത്രക്രിയ ആവശ്യമായി വരുന്നവരുടെ എണ്ണം കുറയും. മറ്റ് രോഗികളെ പരിചരിക്കാന്‍ കൂടുതല്‍ സമയം കിട്ടും. ഒരു ദിവസം പത്ത് സര്‍ജറികളുണ്ടെങ്കില്‍ ആറെണ്ണവും ഇരുചക്ര വാഹന അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വേണ്ടിയാണ്. അതില്‍ നാലെണ്ണമെങ്കിലും ഹെല്‍മറ്റ് ഉപയോഗം കൊണ്ട് ഒഴിവാക്കാന്‍ സാധിക്കുന്നതും – മൃദുവായ ശബ്ദത്തില്‍ അനുഭവസാക്ഷ്യം.

ഇനി ഇതിന്റെ സാമ്പത്തിക ആഘാതത്തിലേക്ക് വരാം. അപകടത്തിന്റെ ആഘാതം മനസ്സിലാക്കാന്‍ പല്ലിന്റെ എക്‌സ്‌റേ എടുക്കുന്നതിന് ഡെന്റല്‍ കോളജ് ആശുപത്രിയില്‍ വേണ്ടിവരുന്നത് അഞ്ച് രൂപ (പഴയ കണക്കാണ്, വലിയ തോതിലൊന്നും കൂടിയിട്ടുണ്ടാകില്ല) മുഖമടച്ച് എക്‌സ്‌റേ വേണമെങ്കില്‍ തുക അമ്പതാകും. ഇവക്ക് പുറത്തുള്ള ആശുപത്രികളില്‍ യഥാക്രമം 110, 500 രൂപയാണ് നിരക്ക്. കുറഞ്ഞ നിരക്കില്‍ എക്‌സ്‌റേ എടുത്തു നല്‍കുമ്പോള്‍ ഒരു ഫിലിമിന്റെ പൈസ പോലും ഡെന്റല്‍ കോളജ് ആശുപത്രിക്ക് ലഭിക്കില്ല. ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ കുറഞ്ഞത് 50,000 രൂപയെങ്കിലും ചെലവാകും. സര്‍ക്കാര്‍ ഡെന്റല്‍ കോളജ് ആശുപത്രിയിലാണെങ്കില്‍ ചെലവ് അയ്യായിരത്തിലൊതുങ്ങും. അപ്പോഴും നഷ്ടം ആശുപത്രിക്കാണ്. ആശുപത്രിക്കെന്നാല്‍ സര്‍ക്കാറിന്, സര്‍ക്കാറിനെന്നാല്‍ നികുതി കൊടുക്കുന്ന ജനത്തിന്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയാല്‍ മറ്റു കാരണങ്ങളാല്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് യഥാസമയം ചികിത്സ നല്‍കാനാകും, സര്‍ക്കാര്‍ ഖജനാവിന്റെ നഷ്ടം കുറക്കാനുമാകും. ഇത്രയും പറഞ്ഞതു കൊണ്ട് ഹെല്‍മറ്റ് കമ്പനികളുടെ ഏജന്റാണ് താനെന്ന് വിചാരിക്കല്ലേ, നിങ്ങള്‍ പത്രക്കാരൊക്കെ ആ വഴിക്കാണല്ലോ ആദ്യം ചിന്തിക്കുക എന്ന് കൂടി അദ്ദേഹം പറഞ്ഞുവെച്ചു.

അദ്ദേഹം സര്‍ക്കാര്‍ ഡെന്റല്‍ കോളജ് ആശുപത്രിയുടെ കാര്യമാണ് പറഞ്ഞത്. ഹെല്‍മറ്റില്ലാത്തത് മൂലം തലക്ക് ക്ഷതമേറ്റ് എത്ര പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെത്തുന്നുണ്ടാകും. ആന്തരിക ക്ഷതമെന്തെങ്കിലുമുണ്ടെങ്കില്‍ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവരും. നേരത്തെ നിശ്ചയിച്ച പട്ടിക പ്രകാരം ശസ്ത്രക്രിയക്ക് കാത്തുകിടക്കുന്ന ചിലരെയൊക്കെ വാര്‍ഡിലേക്ക് തിരിച്ചയച്ചാകുമല്ലോ അടിയന്തര ശസ്ത്രക്രിയ നടത്തുക. പല്ലുകള്‍ ശരിയാക്കാന്‍ നടത്തുന്ന ശസ്ത്രക്രിയയേക്കാള്‍ ഗൗരവമുള്ളതാണല്ലോ ആന്തരിക ക്ഷതത്തിന് വേണ്ടിവരുന്നത്. മേല്‍ വിവരിച്ചതിനേക്കാളും ചെലവ് അധികമാകുമെന്നുറപ്പ്. വിദഗ്ധരായ ഡോക്ടര്‍മാരുടെ സമയം ഇതിലേക്ക് മാറ്റപ്പെടുന്നത് മൂലമുണ്ടാകുന്ന നഷ്ടം വേറെ. ഹെല്‍മറ്റ് ഉപയോഗിച്ചിരുന്നുവെങ്കില്‍ ഒഴിവാകുമായിരുന്ന ആന്തരിക ക്ഷതങ്ങള്‍ ഉണ്ടാകില്ലേ? അങ്ങനെ ക്ഷതം ഒഴിവാക്കാന്‍ സാധിക്കുകയാണെങ്കില്‍ അപകടത്തില്‍പ്പെടുന്നയാളുടെ ജീവന്‍ മാത്രമല്ല, തലച്ചോറിലെ ശസ്ത്രക്രിയക്ക് ദിവസം നിശ്ചയിച്ച് കാത്തിരിക്കുകയും അപകട അടിയന്തരം വന്നതിനാല്‍ തിരിച്ചയക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവന്‍ കൂടിയാകും സംരക്ഷിക്കപ്പെടുക.

ഹെല്‍മറ്റ് ഉപയോഗം നിര്‍ബന്ധമാക്കുക വഴി ഇവ്വിധമുള്ള ചില വലിയ പ്രയോജനങ്ങളുണ്ടെന്ന് ഈ ഡോക്ടര്‍മാര്‍ എത്ര തവണ നമ്മുടെ ഭരണ – ഉദ്യോഗസ്ഥ നേതാക്കളോട് പറഞ്ഞിട്ടുണ്ടാകും? എന്നിട്ടും ഇത് കൃത്യമായി നടപ്പാക്കാന്‍ അവര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാകും? പ്രത്യേകിച്ച് ഉത്തരമൊന്നുമുണ്ടാകാത്ത ചോദ്യങ്ങളാണിതൊക്കെ. ഇത്രയും പറഞ്ഞത് ഹെല്‍മറ്റ് ഉപയോഗത്തിന്റെ കാര്യമാണ്. ഇതുപോലെ സീറ്റ് ബെല്‍റ്റ് ഉപയോഗം കൊണ്ടുമുണ്ടാകില്ലേ പ്രയോജനങ്ങള്‍. അമിത വേഗവും മദ്യപിച്ച് വാഹനമോടിക്കലും ഒഴിവാക്കപ്പെടുമ്പോള്‍ വാഹനത്തിലുള്ളവരുടെ മാത്രമല്ല, ജീവിതം രണ്ടറ്റം മുട്ടിക്കാനായി വഴിയോരത്ത് തത്രപ്പെടുന്നവരുടെ ജീവന്‍ കൂടിയാണല്ലോ സംരക്ഷിക്കപ്പെടുക.

വാഹനാപകടങ്ങള്‍ പരമാവധി ഒഴിവാക്കുക, ഉണ്ടായാല്‍ തന്നെ ജീവഹാനി പരമാവധി കുറക്കുക എന്നതാകണമല്ലോ ലക്ഷ്യം. അതിന് വേണ്ടിയാണല്ലോ നിയമങ്ങളും നിബന്ധനകളുമൊക്കെ. അത് പാലിക്കാന്‍ ജനം സ്വമേധയാ തയ്യാറാകാതെ വരുമ്പോഴാണ് ഭരണകൂടത്തിന് ശിക്ഷകള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നത്. ചെറിയ ശിക്ഷകള്‍ അപകട സാധ്യതകളെ കുറക്കാതെ വരുമ്പോള്‍ വലിയ ശിക്ഷകളെക്കുറിച്ച് ആലോചിക്കേണ്ടിവരും. അതിന്റെ കടക്കല്‍ കത്തിവെക്കാനാണ് വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ക്കൊപ്പം കേരളത്തിലെ ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാറും ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഭരണഘടനാപരമായി ചുമതലപ്പെട്ട സര്‍ക്കാറുകള്‍ ഇവ്വിധമാണോ ആലോചിക്കേണ്ടത്? ജനങ്ങളുടെ ജീവനും സ്വത്തുമെന്നാല്‍ അപകടമുണ്ടാക്കുന്നവരുടെ ജീവനെക്കുറിച്ചും സ്വത്തിനെക്കുറിച്ചും മാത്രമല്ല പറയുന്നത്, അപകടങ്ങളുണ്ടാക്കുന്നവര്‍ക്ക് അടിയന്തര പരിചരണത്തിന് ആശുപത്രി സംവിധാനങ്ങള്‍ (പ്രത്യേകിച്ച് സര്‍ക്കാര്‍ ആശുപത്രികളിലേത്) വിനിയോഗിക്കപ്പെടുമ്പോള്‍ തുലാസ്സിലേക്ക് എടുത്തെറിയപ്പെടുന്നവരുടെ ജീവനെക്കുറിച്ച് കൂടിയാണ്. അവര്‍ സര്‍ക്കാറിലേക്ക് ഒടുക്കുന്ന നികുതിയിലൂടെ സൃഷ്ടിക്കപ്പെടുന്ന സ്വത്തിനെക്കുറിച്ച് കൂടിയാണ്.

മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ശിക്ഷയുടെ തോത് വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറെടുത്ത തീരുമാനം ഇന്ത്യന്‍ യൂനിയനില്‍ നിലനില്‍ക്കുന്ന ഫെഡറല്‍ ജനാധിപത്യ ക്രമത്തിന്റെ ലംഘനമാണെന്നതില്‍ തര്‍ക്കമില്ല. അത്തരം പല ലംഘനങ്ങള്‍ അവര്‍ ഇതിനകം ചെയ്തിട്ടുമുണ്ട്. അതിനെ അപലപിക്കുമ്പോള്‍ തന്നെ, റോഡ് സുരക്ഷ ഉറപ്പാക്കാന്‍ പാകത്തില്‍ നടപടികളെടുക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാറുകള്‍ മാറിനില്‍ക്കുന്നത് ഉചിതമല്ല. ജനരോഷമുണ്ടാകുമെന്ന ഭീതിയില്‍, അത് സൃഷ്ടിച്ചെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമെന്ന ആശങ്കയില്‍ (കേരളത്തിലെ പ്രതിപക്ഷത്തിന്റെ ചരിത്രമെടുത്താല്‍, സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളെ കണ്ണുമടച്ച് എതിര്‍ക്കുക എന്നത് മാത്രമാണ് അവരുടെ കര്‍ത്തവ്യമെന്ന് ബോധ്യപ്പെടും) തീരുമാനിക്കേണ്ടതല്ല മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നതിന് നല്‍കേണ്ട ശിക്ഷയുടെ അളവ്.

റോഡൊക്കെ നന്നാക്കിയതിന് ശേഷം ഇതൊക്കെ നടപ്പാക്കാമെന്ന വാദം ഉയരുന്നുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. അപ്പോഴും ജീവന്‍ സംരക്ഷിക്കാനോ അപകടത്തിന്റെ ആഘാതം കുറക്കാനോ പാകത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ അനിവാര്യമല്ലേ. ഇതൊക്കെ ജനത്തെ പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ ഇത്രയും കാലം ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിച്ചത് എന്ന് വിശ്വസിക്കുക പ്രയാസം.