മരട് ഫ്‌ളാറ്റ്: സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാല്‍ മാത്രം ഒഴിപ്പിക്കലെന്ന് നഗരസഭ സെക്രട്ടറി

Posted on: September 13, 2019 11:39 am | Last updated: September 13, 2019 at 2:41 pm

കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് നാളെ അവസാനിക്കുമെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന് അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍. ഫ്‌ളാറ്റുടമകള്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നിര്‍ദേശത്തിന് അനുസരിച്ച് മാത്രമേ ഒഴുപ്പിക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തൂവെന്ന് നഗരസഭ പറയുന്നത്.

ഫ്‌ലാറ്റുകളില്‍ നഗരസഭ പതിച്ച നോട്ടീസിന് 12 ഫ്‌ലാറ്റുടമകള്‍ നല്‍കിയ മറുപടി കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അയച്ചതായി സെക്രട്ടറി പറഞ്ഞു. നോട്ടീസ് നിയമാനുസൃതമായല്ല നല്‍കിയതെന്ന ഫ്‌ളാറ്റുടമകളുടെ മറുപടി സര്‍ക്കാറിനും കൈമാറിയിട്ടുണ്ട്.

അര്‍ഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്‌ലാറ്റുകളില്‍ നിന്നൊഴിയില്ലെന്ന നിലപാടിലാണ് ഫ്‌ലാറ്റുടമകള്‍. നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനും ഫ്‌ലാറ്റ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.