Connect with us

Kerala

സുഗതന്‍ പോയാല്‍ ഒരു ചുക്കുമില്ല; നവോത്ഥാന സംരക്ഷണത്തിന് എസ് എന്‍ ഡി പി ഏതറ്റംവരെയും പോകും- വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: ജോയിന്റ് കണ്‍വീനര്‍ സി പി സുഗതന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നവോത്ഥാന സംരക്ഷണ സമിതി വിട്ടതിനെതിരെ രൂക്ഷമായി പ്രതികരിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സുഗതന്‍ പോയതുകൊണ്ട് നവോത്ഥാന സമിതിക്ക് ഒരു ചുക്കും സംഭവിക്കില്ല. സുഗതന് പണ്ടേ പാര്‍ലിമെന്ററി മോഹമായിരുന്നു. അദ്ദേഹത്തിന്റെ രീതി പണ്ടേ ശരിയല്ലായിരുന്നു. ഇത് തുടക്കത്തിലേ താന്‍ പറഞ്ഞതാണ്. ഹിന്ദു ഐക്യം ലക്ഷ്യമിട്ടാണ് നവോത്ഥാന സംരക്ഷണ സമിതി രൂപവത്കരിച്ചത്. നവോത്ഥാന സംരക്ഷണത്തിന് ഏതറ്റം വരെയും എസ് എന്‍ ഡി പി പോകും. സുഗതന്‍ വെറും കടലാസ് പുലിയാണ്. പൂര്‍വാധികം ശക്തിയോടെ നവോത്ഥാന സംരക്ഷണ സമിതി പ്രവര്‍ത്തിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാലായില്‍ എസ് എന്‍ ഡി പി പിന്തുണ എല്‍ ഡി എഫിനാണെന്ന പരോക്ഷ സൂചനയും വെള്ളാപ്പള്ളി നല്‍കി. പാലായില്‍ ഒരു മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു.
കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പാണെങ്കിലും പാലായില്‍ സഹതാപ തരംഗമില്ല. പാലായിലെ സമുദായ സംഘടനകള്‍ക്കിടയിലുള്ളത് കാപ്പന്‍ തംരഗമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ വിഷയത്തില്‍ ബി ജെ പി പ്രസിഡന്റ് ശ്രീധരന്‍പിള്ള രാഷ്ട്രീയം കണ്ടത് ശരിയായില്ലെന്നും തങ്ങളുടെ കുടുംബത്തോട് ഇത് വേണ്ടായിരുന്നെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Latest