തബ്രീസ് അന്‍സാരിയുടെ മരണ കാരണം ക്രൂരമര്‍ദനം തന്നെയെന്ന് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്‌

Posted on: September 13, 2019 10:30 am | Last updated: September 13, 2019 at 2:15 pm

ജാര്‍ഖണ്ഡ്: തബ്രീസ് അന്‍സാരിയുടെ മരണം ഹൃദയാഘാതമെന്ന തരത്തില്‍ വന്ന വാര്‍ത്തിയെ ഖണ്ഡിക്കുന്ന പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. ജാര്‍ഖണ്ഡില്‍ ആള്‍കൂട്ട ആക്രമണത്തിന് ഇരയായ തബ്രീസ് മരിച്ചത് ശരീരത്തിലുടനീളം ഏറ്റ ഗുരുതര പരുക്കാനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജംഷദ്പൂരിലെ എം ജി എം മെഡിക്കല്‍ കോളജിലെ അഞ്ച് ഹെഡ് ഓഫ് ഡിപാര്‍ട്‌മെന്റ് തലവന്‍മാന്‍ ഒപ്പിട്ട റിപ്പോര്‍ട്ടാ് പുറത്തുവന്നിരിക്കുന്നത്. തലയോട്ടിയിലെ ഒടിവ്, ശരീരത്തിലെ ചെറിയ അവയവങ്ങളിലുണ്ടായ പരുക്ക് ഹൃദയത്തിന്റെ അറകളില്‍ രക്തം കട്ടപിടിക്കല്‍ എന്നിവയാണ് ഹൃദയസ്തംഭനത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അസ്ഥി, അവയവങ്ങള്‍, ഹൃദയത്തിന് സംഭവിച്ച ഒടിവ് എന്നിവയുടെ ഫലമായി ഹൃദയസ്തംഭനം സംഭവിച്ചു എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്.

തബ്രീസ് അന്‍സാരിയുടെ മരണം അന്വേഷിക്കാന്‍ അഞ്ചംഗ മെഡിക്കല്‍ പാനലും രൂപവത്കരിച്ചിട്ടുണ്ട്.
പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം കഠിനവും മൂര്‍ച്ചയില്ലാത്തതുമായ വസ്തു ഉപയോഗിച്ചുകൊണ്ടുള്ള അടിച്ചതു മൂലം തലയോട്ടിയില്‍ ഒടിവുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്‍സാരിക്ക് തലച്ചോറിനും തലച്ചോറിനുമിടയിലുള്ള ഭാഗത്തായി രക്തസ്രാവം സംഭവിച്ചിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

അന്‍സാരി മരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് കഴിഞ്ഞ ദിവസം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ആക്രമണം നടത്തിയവരുടെ പേരില്‍ ചുമത്തിയിരുന്ന കൊലക്കുറ്റം ഒഴിവാവുകയായിരുന്നു.

ജൂണ്‍ 18നാണ് അന്‍സാരിയെ മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. ജാര്‍ഖണ്ഡിലെ സെരായ്‌കേല ഖര്‍സാവനില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം.