തമിഴ്നാട്ടിലെ മധുരയിൽ വാഹനാപകടം; നാലു മലയാളികൾ മരിച്ചു

Posted on: September 13, 2019 7:47 am | Last updated: September 13, 2019 at 12:01 pm

പഴനി: തമിഴ്നാട്ടിലെ മധുരയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ അടക്കം അഞ്ചു പേർ മരിച്ചു. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം പേരശ്ശന്നൂരിൽ നിന്ന് ഏർവാടിയിലേക്ക് സിയാറത്തിന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. രണ്ടു കാറുകളും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന പേരശ്ശന്നൂർ വാളൂർ കളത്തിൽ മുഹമ്മദ് അലിയുടെ ഭാര്യ റസീന (39), മകൻ ഫസൽ (21), മകൾ സഹന (7), കുറ്റിപ്പുറം മൂടാൽ സ്വദേശി ഹിള്ർ (47), ബൈക്ക് യാത്രക്കാരനായ തമിഴ്നാട് സ്വദേശി പളനിസ്വാമി (41) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് വാടിപട്ടിക്ക് സമീപം ദേശീയ പാതയിലായിരുന്നു ദുരന്തം. മധുരയിൽ നിന്ന് ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാർ വഴിയിലൊരു ബൈക്കിലിടിച്ച ശേഷം വശത്തേക്ക് വെട്ടിച്ചപ്പോൾ മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മധുര ഡിണ്ടിഗൽ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.