കോട്ടക്കലിൽ ക്വാറിയിൽ വീണ് രണ്ട് വിദ്യാർഥികൾ മരിച്ചു

    Posted on: September 12, 2019 2:07 pm | Last updated: September 13, 2019 at 2:07 pm


    കോട്ടക്കൽ: ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് കോട്ടക്കൽ സോൺ പ്രസിഡന്റ് കുറ്റിപ്പുറം വടക്കേതല മുഹമ്മദ് ബാക്കിർ ശിഹാബ് തങ്ങളുടെ മകൻ പുതിയ മാളിയേക്കൽ സയ്യിദ് ത്വയ്യിബ് (10), ഇവരുടെ ബന്ധു പരപ്പനങ്ങാടി വലിയ സിയാറത്തിങ്ങൽ യുസുഫ് കോയ തങ്ങളുടെ മകൻ സയ്യിദ് ഫജാസ് (എട്ട്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ വീടിന് പരിസരത്തെ കല്ലുവെട്ട് കുഴിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. വിരുന്ന് വന്ന ഫജാസും സഹോദര പുത്രനുമടക്കം മൂന്ന് പേർ ഒന്നിച്ച് കുഴിക്കരികിൽ എത്തിയതായിരുന്നു. ഇതിനിടെ കാൽ തെന്നി ഫജാസ് കുഴിയിൽ വീണു. ഫജാസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ത്വയ്യിബും അപകടത്തിൽപ്പെടുകയായിരുന്നു. ചെളിയിൽ പുതഞ്ഞ വിദ്യാർഥികളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

    വടക്കേതല ബാഅലവിയ്യ മദ്‌റസയിലെയും നായാടിപ്പാറ ഗവ. യു പി സ്‌കൂളിലേയും നാലാം ക്ലാസ് വിദ്യാർഥിയാണ് ത്വയ്യിബ്. മാതാവ്: സയ്യിദത്ത് ശഹർബാൻ. സഹോദരങ്ങൾ: സയ്യിദ് മുഹമ്മദ് ഹാശിർ, സയ്യിദത്ത് ആഇശത്തുസനിയ്യ ബീവി, സയ്യിദത്ത് ഫസീഹ ബീവി, സയ്യിദ് മുസമ്മിൽ.
    പാലാഴി ഹിദായ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഫജാസ്. മാതാവ്: സയ്യിദത്ത് മറിയം മുത്തുബീവി. സഹോദരങ്ങൾ: സയ്യിദ് ഫാഇസ്, സയ്യിദ് ഫർഹാൻ.