ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല

Posted on: September 12, 2019 7:49 pm | Last updated: September 13, 2019 at 12:52 pm

താമരശ്ശേരി: കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ രണ്ടാം ദിവസവും വിഫലം. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കൊണ്ടോട്ടി പെരുവള്ളൂർ കടപ്പടി നാടകശ്ശേരി അബ്ദുൽ അസീസിന്റെ മകൻ ആശിഖി(23)നെയാണ് കാണാതായത്.

പറമ്പിൽ പീടികയിലെ ജ്വല്ലറി ജീവനക്കാരനായ ആശിഖ് ഉൾപ്പെടെയുള്ള ആറംഗ സംഘം ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പതങ്കയത്ത് എത്തിയത്. പവർ ഹൗസിന് സമീപം കുളിക്കുന്നതിനിടെ 11 മണിയോടെ ആശിഖ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും മുക്കം ഫയർഫോഴ്‌സും സന്നദ്ധ സേനകളും തിരച്ചിലിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. പുഴയിൽ അടിക്കടി മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്നത് തിരച്ചിലിന് തടസ്സമായി.

ബുധനാഴ്ച രാത്രി അവസാനിപ്പിച്ച തിരച്ചിൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചു. മുക്കം ഫയർ ഫോഴ്‌സും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സന്നദ്ധ സേനയും പ്രതികൂല കാലാവസ്ഥയിലും തിരച്ചിൽ നടത്തിയെങ്കിലുംയുവാവിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ കൂടുതൽ പ്രദേശങ്ങളിൽ തിരച്ചിൽ നടത്താനാണ് തീരുമാനം.