ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐന്‍സ്റ്റീനെന്ന് മന്ത്രി പിയൂഷ് ഗോയല്‍

Posted on: September 12, 2019 10:54 pm | Last updated: September 13, 2019 at 12:00 pm

ന്യൂഡല്‍ഹി: ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് അല്‍ബര്‍ട്ട് ഐന്‍സ്റ്റീനെന്ന് വെളിപ്പെടുത്തലുമായി കേന്ദ്ര റെയില്‍വേമന്ത്രി പിയൂഷ് ഗോയല്‍. ഐസക് ന്യൂട്ടനാണ് ഗുരുത്വാകര്‍ഷണം കണ്ടെത്തിയതെന്ന് ശാസ്ത്രവും ചരിത്രവും പഠിപ്പിക്കുമ്പോഴാണ് മന്ത്രിയുടെ പുതിയ കണ്ടെത്തല്‍.

സാമ്പത്തിക രംഗം സംബന്ധിച്ച് ടെലിവിഷനില്‍ കാണുന്ന കണക്കുകള്‍ വിശ്വസിക്കരുതെന്നും, കണക്ക് കൂട്ടിക്കൊണ്ടിരുന്നെങ്കില്‍ ഐന്‍സ്റ്റീന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നും ഗോയല്‍ പറഞ്ഞു.

അഞ്ച് ട്രില്യന്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥ ഉണ്ടാകണമെങ്കില്‍ രാജ്യത്തിന് 12 ശതമാനം വളര്‍ച്ചാനിരക്ക് ആവശ്യമാണ്. ഇപ്പോഴുള്ള വളര്‍ച്ചാനിരക്ക് ആറ് ശതമാനമാണ് എന്നൊക്കെയുള്ള, ടെലിവിഷനുകളില്‍ പറയുന്ന കണക്കുകള്‍ ശ്രദ്ധിക്കേണ്ടതില്ല. അങ്ങനെയുള്ള കണക്കുകളല്ല ഗുരുത്വാകര്‍ഷണം കണ്ടെത്താന്‍ ഐന്‍സ്റ്റീനെ സഹായിച്ചിട്ടുള്ളത്.കൃത്യമായ സൂത്രവാക്യങ്ങളും മുന്‍കാല അറിവുകള്‍ക്കും പിന്നാലെ പോയിരുന്നെങ്കില്‍ ലോകത്ത് പുതിയ യാതൊരു കണ്ടെത്തലുകളും ഉണ്ടാകുമായിരുന്നില്ലെന്നും ഗോയല്‍ പറഞ്ഞു.

ഗോയലിന്റെ പ്രസ്താവനക്കെതിരെ സമുഹമാധ്യമങ്ങളില്‍ പരിഹാസം നിറയുകയാണ്. സമുഹമാധ്യമങ്ങളിലെ പരിഹാസം ശ്രദ്ധയില്‍പ്പെട്ട പിയൂഷ് ഗോയല്‍ നാക്ക് പിഴ സംഭവിച്ചെന്ന വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.