ജസ്റ്റിസുമാരുടെ സ്ഥലംമാറ്റം: കൊളീജിയം തീരുമാനത്തെ ന്യായീകരിച്ച് സുപ്രീം കോടതി

Posted on: September 12, 2019 8:51 pm | Last updated: September 13, 2019 at 10:03 am

ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേതടക്കമുള്ള ജസ്റ്റിസുമാരുടെ സ്ഥലം മാറ്റത്തില്‍ കൊളീജിയം കൈക്കൊണ്ട തീരുമാനത്തെ ന്യായീകരിച്ച് സുപ്രീംകോടതി. ജുഡീഷ്യറിയുടെ ഭരണസംവിധാനം മെച്ചപ്പെടുത്താനായാണ് സ്ഥലം മാറ്റങ്ങളെന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നു. എല്ലാ സ്ഥലം മാറ്റങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. ചട്ടങ്ങളെല്ലാം കൃത്യമായി പാലിച്ചിട്ടുമുണ്ട്. സ്ഥലം മാറ്റങ്ങള്‍ക്കുള്ള കാരണങ്ങള്‍ വെളിപ്പെടുത്താനാകില്ല. ഇങ്ങനെ ചെയ്യുന്നത് കൊളീജിയത്തിന്റെ നടപടി ക്രമങ്ങള്‍ക്ക് ചേര്‍ന്നതല്ല. അടിയന്തര സാഹചര്യം വന്നാല്‍ വേണമെങ്കില്‍ കാരണങ്ങള്‍ വെളിപ്പെടുത്താന്‍ കൊളീജിയത്തിന് മടിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

സുപ്രീംകോടതി കൊളീജിയം തീരുമാനത്തെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ വിജയ താഹില്‍ രമനിയുടെ രാജി വലിയ വിവാദമായിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ഹൈകോടതിയായ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഏറ്റവും ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. തന്റെ സ്ഥലംമാറ്റം തരംതാഴ്ത്തലാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ കൊളീജിയത്തിന് പരാതി നല്‍കിയ ശേഷമാണ് രാജിവെച്ചത്.

രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളാണ് വിജയ താഹില്‍ രമനി. അവരുടെ സ്ഥലംമാറ്റം രാഷ്ട്രീയ പ്രേരിതമാണെന്ന തരത്തിലാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. നേരത്തെ മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ അടക്കം വിധി പറഞ്ഞത് താഹില്‍ രമനിയാണ്. പതിനൊന്ന് പ്രതികളെ വിട്ട്ക്കാനുള്ള കീഴ്‌കോടതി തീരുമാനം താഹില്‍ രമനി റദ്ദ് ചെയ്യുകയായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ തീരുമാനത്തിന് പിന്നിലുണ്ടെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ചീഫ് ജസ്റ്റിസിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ അഭിഭാഷകര്‍ കോടതി ബഹിഷ്‌ക്കരിക്കുന്നതടക്കമുള്ള സമരങ്ങളും നടത്തിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോള്‍ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയിരക്കുന്നത്.