ആത്മീയ പ്രഭയിലലിഞ്ഞ് പതിനായിരങ്ങൾ; മഅ്ദിൻ മുഹറം സമ്മേളനത്തിന് പ്രൗഢ സമാപനം

Posted on: September 12, 2019 4:16 pm | Last updated: September 12, 2019 at 4:16 pm
മലപ്പുറം സ്വലാത്ത് നഗറിൽ മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച മുഹർറം ആശൂറാഅ് ആത്മീയ സമ്മേളനത്തിൽ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തുന്നു.

മലപ്പുറം: മുഹറം പത്തിന്റെ വിശുദ്ധിയിൽ മലപ്പുറം സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച ആശൂറാഅ് ആത്മീയ സമ്മേളനത്തിൽ പതിനായിരങ്ങൾ സംബന്ധിച്ചു. മാനവിക ചരിത്രത്തിലെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ആശൂറാഇന്റെ പുണ്യം തേടി സംസ്ഥാനത്തിനകത്തും പുറത്തുമായി  നിന്നെത്തിയ വിശ്വാസികൾ ഒരു പകൽ മുഴുവൻ ദിക്‌റുകളും പ്രാർത്ഥനകളുമുരുവിട്ട് സ്വലാത്ത് നഗറിൽ സംഗമിച്ചു.

മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്്റാഹീമുൽ ഖലീൽ അൽ ബുഖാരി പരിപാടികൾക്ക് നേതൃത്വം നൽകി. തിരിച്ചു വരവിന്റെയും പ്രതിസന്ധികളിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിന്റെയും പാഠമാണ് ഹിജ്‌റ വർഷത്തിലെ ആദ്യ മാസമായ മുഹറം നൽകുന്നതെന്ന്  മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം ഉണർത്തി. ആദി മനുഷ്യനായ ആദം നബിയോടൊപ്പം തന്നെ മനുഷ്യ ജീവിതത്തിൽ പ്രതിസന്ധികളും പ്രശ്‌നങ്ങളും ആരംഭിച്ചിട്ടുണ്ട്.  മനക്കരുത്തോടെയും അല്ലാഹുവിലുള്ള ഉറച്ച വിശ്വാസത്തോടെയും അവയെ നേരിട്ടാൽ വിജയം സുനിശ്ചിതമാണ്. പ്രവാചകരുടെയും മഹത്തുക്കളുടെയും ജീവിതാനുഭവങ്ങൾ ഇതാണു പഠിപ്പിക്കുന്നത്. പ്രളയത്തിന്റെ വേദനകളിലൂടെ കടന്നു പോകുന്ന കേരളത്തോടൊപ്പമാണ് മുഹറത്തിന്റെ വിശുദ്ധ വേളകളിലുള്ള പ്രാർത്ഥനകൾ. പ്രളയമുഖത്ത് മത-ജാതി വ്യത്യാസമില്ലാതെ നാം പ്രകടിപ്പിച്ച ഒത്തൊരുമ ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കാൻ നമുക്കാവണം – ഖലീൽ തങ്ങൾ പറഞ്ഞു.

ഇസ്‌ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമായ കർബലയെ മുൻനിർത്തി മുഹറം പത്തിന് വേദനയുടെയും വെറുപ്പിന്റെയും പരിവേഷമണിയിക്കുന്നത് സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്നും ഇത്തരം പുണ്യ ദിനങ്ങളിൽ ദുഖാചരണത്തിന്റെ ഭാഗമായി നടക്കുന്ന ആഭാസങ്ങൾക്ക് ഇസ്‌ലാമിന്റെ പിന്തുണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിച്ച പരിപാടിയിൽ പ്രവാചക പൗത്രൻ സയ്യിദ് ഹുസൈൻ(റ) ആണ്ട് നേർച്ചയും നടന്നു. ഖുർആൻ പാരായണം, സ്വലാത്ത്, ഇഖ്ലാസ് പാരായണം, മുഹറം പത്തിലെ പ്രത്യേക ദിക്റുകൾ, പ്രാർത്ഥനകൾ, ചരിത്ര സന്ദേശ പ്രഭാഷണം, തഹ്‌ലീൽ, തൗബ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. രാവിലെ 9ന് മഅ്ദിൻ ഗ്രാന്റ്് മസ്്ജിദിൽ ആരംഭിച്ച ആശൂറാഅ് സമ്മേളനം നോമ്പുതുറയോടെയാണ് സമാപിച്ചത്. കാൽ ലക്ഷം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
വനിതകൾക്കായി രാവിലെ ഒമ്പത് മുതൽ സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച വിജ്ഞാന വേദിയിൽ അബൂബക്കർ സഖാഫി അരീക്കോട് ഉദ്‌ബോധനം നടത്തി.  മുഹറം ഒന്നു മുതൽ മഅ്ദിൻ അക്കാദമിക്ക് കീഴിൽ നടന്നുവരുന്ന വിവിധ പരിപാടികളുടെ സമാപന സംഗമം കൂടിയായിരുന്നു സമ്മേളനം.  സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി.

സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി താനൂർ, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ഹുസൈൻ അസ്സഖാഫ് കുറ്റ്യാടി, ഇബ്‌റാഹീം ബാഖവി മേൽമുറി, എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എ.പി അബ്ദുൽ കരീം ഹാജി ചാലിയം, മുസ്തഫാ മാസ്റ്റർ കോഡൂർ എന്നിവർ സംബന്ധിച്ചു.