Connect with us

Eranakulam

മരടില്‍ പൊളിക്കാനൊരുങ്ങുന്നത് ഫ്‌ളാറ്റുകളല്ല; അവയില്‍ താമസിക്കുന്നവരുടെ ജീവിതം: ജസ്റ്റിസ് കെമാല്‍ പാഷ

Published

|

Last Updated

കൊച്ചി: മരടില്‍ പൊളിക്കാനൊരുങ്ങുന്നത് ഫ്‌ളാറ്റുകളല്ലെന്നും അവയില്‍ താമസിക്കുന്നവരുടെ ജീവിതമാണെന്നും ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ. സമരം നടത്തുന്ന ഫ്‌ളാറ്റ് ഉടമകളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധി ബാധിക്കുന്നവരുടെ ഭാഗം കേള്‍ക്കാതെയുള്ള വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഫ്‌ളാറ്റ് പൊളിക്കുന്നതോടെ താമസസ്ഥലത്തു നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്ക് സാമാന്യ നീതി ഉറപ്പാക്കണം. മാര്‍ക്കറ്റ് നിരക്ക് പ്രകാരമുള്ള വില നല്‍കാന്‍ സര്‍ക്കാറിനോടോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തോടോ സുപ്രീം കോടതിക്ക് നിര്‍ദേശിക്കാവുന്നതാണ്.

ഫ്‌ളാറ്റിലെ താമസക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി നീതി ലഭ്യമാകുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെമാല്‍ പാഷ പറഞ്ഞു.
കോടതി വിധി നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തുകയെന്നതു മാത്രമെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനു ചെയ്യാനാകൂ. എന്നാല്‍, വിധി മറികടക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയും ഫ്‌ളാറ്റ് പൊളിച്ചാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തി കൊടുക്കുകയും ചെയ്യേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്.