Connect with us

Eranakulam

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ബസില്‍ നിന്ന് വഴിയിലിറക്കി വിട്ട വൃദ്ധന്‍ മരിച്ചു

Published

|

Last Updated

കൊച്ചി: ബസില്‍ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വൃദ്ധനെ സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ബന്ധിച്ച് വഴിയില്‍ ഇറക്കിവിട്ടു. പിന്നീട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാള്‍ മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സേവ്യര്‍ (68) ആണ് മരിച്ചത്.
മൂവാറ്റുപുഴ വണ്ണപ്പുറം റൂട്ടില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.

വാഹനത്തില്‍ കുഴഞ്ഞുവീണ സേവ്യറിനെ അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ വലിച്ചിഴച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് പരാതി. ഇയാളെ ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സേവ്യറിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മൂവാറ്റുപുഴയിലേക്കുള്ള യാത്രയിലായിരുന്ന സേവ്യര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടിട്ടും ബസ് ജീവനക്കാര്‍ പരിഗണിച്ചില്ലെന്നു പറയുന്നു. അവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ കൂടി പോയ ശേഷമാണ് ബസ് നിര്‍ത്തി സേവ്യറെ ഇറക്കി വിട്ടത്. എന്നാല്‍, വൃദ്ധനെ നിര്‍ബന്ധിച്ച് വലിച്ചിറക്കി വിട്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ബസ് അടുത്ത സ്റ്റോപ്പില്‍ എത്തിയയുടന്‍ ഇയാളെ ഓട്ടോയില്‍ കയറ്റിവിടുകയാണ് ചെയ്തതെന്നും ബസ് ഉടമ പറഞ്ഞു.

Latest