മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനമിടിച്ച് ആറ് വയസുകാരന്‍ മരിച്ചു; വയോധികന് പരുക്ക്

Posted on: September 12, 2019 10:04 am | Last updated: September 12, 2019 at 10:12 am

ജയ്പൂര്‍: ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനമിടിച്ച് ആറ് വയസുകാരന്‍ മരിച്ചു. കുട്ടിയുടെ മുത്തച്ഛന് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാജസ്ഥാനിലെ ആള്‍വാറിലാണ് അപകടമുണ്ടായത്.
തിജാരയിലെ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാഗവതിന്റെ വാഹനവ്യൂഹത്തില്‍ പെട്ട ഒരു കാര്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നുവെന്ന് മന്‍ഡവര്‍ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ രാംസ്വരൂപ് ബൈര്‍വ പറഞ്ഞു.

അപകടത്തില്‍ സച്ചിന്‍ എന്ന കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടം വരുത്തിയ കാറും മറ്റ് അകമ്പടി വാഹനങ്ങളും നിര്‍ത്താതെ പോയി. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ബൈര്‍വ വ്യക്തമാക്കി. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് ഭാഗവത്.