ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; പഠനാനന്തര തൊഴില്‍ വിസ ബ്രിട്ടണ്‍ പുനസ്ഥാപിക്കുന്നു

Posted on: September 11, 2019 9:07 pm | Last updated: September 12, 2019 at 2:09 pm

ലണ്ടന്‍: വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം രണ്ട് വര്‍ഷം ബ്രിട്ടണില്‍ തങ്ങുന്നതിനുള്ള പഠനാനന്തര തൊഴില്‍ വിസ പുനസ്ഥാപിക്കുന്നു. കഴിവുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് വിജയകരമായ കരിയര്‍ കെട്ടിപ്പടുക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നും യുകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മുതലാണ് വിസ പുനരാരാംഭിക്കുക.

രണ്ടുവര്‍ഷത്തെ പോസ്റ്റ്സ്റ്റഡി വര്‍ക്ക് വിസ 2012ല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി തെരേസ മേ റദ്ദാക്കിയിരുന്നു. വിസ വീണ്ടും അവതരിപ്പിക്കുന്നത് ബ്രിട്ടനിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കും പഠനാനന്തര വിസ ലഭിക്കും. ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ യുകെ ഇമിഗ്രേഷന്‍ ഉള്ളവര്‍ക്കാണ് വിസ അനുവദിക്കുക. ബിരുദതലത്തിലോ അതിനു മുകളിലോ ഏതെങ്കിലും വിഷയത്തില്‍ പഠന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവരാണ് ഇതിന്റെ പരിധിയില്‍ വരിക.

യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജോലി പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ട് വര്‍ഷത്തേക്ക് ജോലിചെയ്യാനോ ജോലി അന്വേഷിക്കാനോ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ സഹായകരമാകും.

‘ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ആശ്വാസകരമായ വാര്‍ത്തയാണെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് അസ്‌ക്വിത്ത് പറഞ്ഞു. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ സമയം യുകെയില്‍ ചെലവഴിക്കാനും ഇതുവരി കൂടുതല്‍ കഴിവുകളും പരിചയവും നേടാനും വിസ പുനസ്ഥാപിക്കുന്നത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ജൂണ്‍ അവസാനിക്കുന്ന വര്‍ഷത്തെ കണക്കുകള്‍ പ്രകാരം യുകെയില്‍ പഠിക്കാന്‍ വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഏകദേശം 22,000 ആണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനവും മൂന്ന് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് നൂറു ശതമാനവും വര്‍ധനയാണ് കാണിക്കുന്നത്.