ഗുജറാത്തിന് പിന്നാലെ കര്‍ണാടകയും; ട്രാഫിക് പിഴ കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

Posted on: September 11, 2019 8:48 pm | Last updated: September 11, 2019 at 8:48 pm

ബംഗളൂരു: ഗുജറാത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന കര്‍ണാടകയിലും ട്രാഫിക് കുറ്റങ്ങള്‍ക്ക് ഏര്‍പെടുത്തിയ ഉയര്‍ന്ന പിഴ വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഗതാഗത വകുപ്പിന് നിര്‍ദേശം നല്‍കി. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്ക് 50 ശതമാനം പിഴ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പിഴ തുക കുറയ്ക്കുന്നതിന് ഗുജറാത്ത് എന്താണ് ചെയ്തതെന്ന് പരിശോധിക്കാന്‍ അവലോകന യോഗത്തില്‍ യെഡിയൂരപ്പ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടു. ‘കൂടിയ പിഴ കാരണം ആളുകള്‍ക്ക് അസൗകര്യം നേരിടുന്നതായി യദിയൂരപ്പ് ചൂണ്ടിക്കാണിച്ചു.

പിഴ തുക കുറയ്ക്കുന്നതിന് സര്‍ക്കാരിന് മുന്നില്‍ യാതൊരു നിര്‍ദ്ദേശവുമില്ലെന്ന് ഗതാഗത വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാഡി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യെഡിയൂരപ്പയുടെ നിര്‍ദ്ദേശം. എന്നാല്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ഗുജറാത്ത് ചെയ്തതിന് അനുസൃതമായി പിഴ കുറയ്ക്കുമെന്ന് സാവദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പുതിയ നിയമപ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നത് ചുമത്താവുന്ന പരമാവധി തുകയാണെന്ന് പറഞ്ഞാണ് ഗുജറാത്ത് സര്‍ക്കാര്‍ പിഴ തുക കുറയ്ക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ മോട്ടോര്‍ വാഹന (ഭേദഗതി) ബില്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ ആണ് പാര്‍ലിമെന്റ് പാസ്സാക്കിയത്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പത്തിരട്ടി വരെ പിഴ വര്‍ധിപ്പിച്ചുള്ള നിയമം സെപ്റ്റംബര്‍ 1 മുതലാണ് പ്രാബല്യത്തില്‍ വന്നത.

ഉയര്‍ന്ന പിഴ ഈടാക്കുന്നത് വിവാദമായതിനെ തുടര്‍ന്ന് കേരളവും പുനഃപരിശോധനക്ക് നടപടി തുടങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.