Connect with us

National

'ഒന്നാമതായി ഞാനൊരു ഇന്ത്യക്കാരനാണ്.'; ഹൃദയങ്ങള്‍ കവര്‍ന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്റെ പ്രതികരണം

Published

|

Last Updated

ന്യൂഡല്‍ഹി: “ഒന്നാമതായി ഞാനൊരു ഇന്ത്യക്കാരനാണ്.” ഒരു തമിഴനെന്ന നിലയില്‍ ഇത്തരമൊരു വലിയ പദവി വഹിക്കുമ്പോള്‍ എന്താണ് നിങ്ങള്‍ക്ക് തമിഴ്‌നാട്ടുകാരോട് പറയാനുള്ളത് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കൈലാസവടിവു ശിവന്‍ നല്‍കിയ മറുപടിയാണിത്. ശിവന്റെ പ്രതികരണം ദശലക്ഷങ്ങളുടെ ഹൃദയം കവരുന്നതായി.

“ഇന്ത്യക്കാരനെന്ന നിലയിലാണ് ഞാന്‍ ഐ എസ് ആര്‍ ഒയില്‍ ചേര്‍ന്നത്. എല്ലാ മേഖലകളില്‍ നിന്നുമുള്ള ആളുകള്‍ പ്രവര്‍ത്തിക്കുകയും അവരുടെതായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന ഇടമാണ് ഐ എസ് ആര്‍ ഒ. എങ്കിലും എനിക്ക് ആശംസകള്‍ നേരുന്ന സഹോദരന്മാരോടെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുന്നു.”- സണ്‍ ടിവിയിലെ അഭിമുഖത്തില്‍ സംസാരിക്കവെ ശിവന്‍ പറഞ്ഞു.

ഇതേ രൂപത്തിലുള്ള പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടത്. “ഞാന്‍ ബിഹാറുകാരനാണ്. മറ്റേത് ഇന്ത്യക്കാരനെയും പോലെ ഡോ. ശിവനില്‍ എനിക്ക് അഭിമാനമുണ്ട്. അദ്ദേഹം ഏത് സംസ്ഥാനക്കാരനാണ്, മതക്കാരനാണ്, ഭാഷക്കാരനാണ് എന്നത് ഞാന്‍ പരിഗണിക്കുന്നില്ല. ലോകപ്രശസ്തമായ ഒരു ബഹിരാകാശ ഏജന്‍സിയുടെ സത്യസന്ധനും കഠിനാധ്വാനിയുമായ ചെയര്‍മാന്‍ എന്ന രൂപത്തിലാണ് അദ്ദേഹത്തെ കാണുന്നത്. ശിവന്‍ നമ്മുടെ ദേശീയ ഹീറോ ആണ്.”- ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കിട്ടെക്ട് ആയ ആകാശ് ശ്രീവാസ്തവ ട്വീറ്റ് ചെയ്തു.

ഒന്നാമതായി ഞാനൊരു ഇന്ത്യക്കാരനാണ് എന്ന ഐ എസ് ആര്‍ ഒ മേധാവിയുടെ നിലപാടാണ് എല്ലാ ഇന്ത്യക്കാര്‍ക്കും ഉണ്ടാകേണ്ടതെന്ന് ആഗ്രഹിക്കുന്നതായി വാണി ചൗഹാന്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു. നേട്ടങ്ങളുണ്ടാക്കുന്ന വ്യക്തികളെ ഓരോ മേഖലയുടെ ഭാഗമെന്ന നിലയില്‍ ചിത്രീകരിക്കുന്നവര്‍ ചെയ്യുന്നത് മറ്റുള്ളവരെ വിഡ്ഢികളാക്കുകയാണ്. ഇന്ത്യയില്ലെങ്കില്‍ അവര്‍ക്ക് യാതൊരു അസ്തിത്വവുമില്ലെന്ന കാര്യം അവര്‍ മറക്കുന്നു. വാണി വ്യക്തമാക്കി.
സെപ്തംബര്‍ ഏഴിന് ചന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കാന്‍ ശ്രമിക്കവെ ഐ എസ് ആര്‍ ഒക്ക് ലാന്‍ഡറുമായുള്ള ആശയ വിനിമയ ബന്ധം നഷ്ടമായിരുന്നു. മറ്റ് കടമ്പകളെല്ലാം തരണം ചെയ്ത് സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുന്നതിന് രണ്ട് മിനുട്ട് മുമ്പെയാണ് വിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടത്.

കന്യാകുമാരി ജില്ലയിലെ ഒരു ഗ്രാമപ്രദേശത്തുകാരനായ ശിവന്‍ കര്‍ഷക കുടുംബത്തില്‍ നിന്നുള്ളയാളാണ്. 1980ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് വ്യോമയാന വിജ്ഞാനീയത്തില്‍ അദ്ദേഹം ബിരുദം നേടി. ഇതിനു ശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ചേര്‍ന്ന് പഠനം തുടരുകയും ബോംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബഹിരാകാശ വിജ്ഞാനീയത്തില്‍ പി എച്ച് ഡി സ്വന്തമാക്കുകയും ചെയ്തു. 1982ലാണ് ഐ എസ് ആര്‍ ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി എസ് എല്‍ വി) പദ്ധതി വിഭാഗത്തില്‍ ചേര്‍ന്നത്. വിക്ഷേപണ വാഹനങ്ങള്‍ക്കുള്ള ക്രയോഡനിക് എന്‍ജിനുകള്‍ തയാറാക്കുന്നതില്‍ വലിയ സംഭാവനകളാണ് അദ്ദേഹം ചെയ്തത്.

Latest