സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി 125 പോലീസ് കോൺസ്റ്റബിൾ

Posted on: September 10, 2019 3:17 pm | Last updated: September 20, 2019 at 8:03 pm


വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനത്തിനകത്തും വനാതിർത്തിയിലുമുള്ള ആദിവാസി യുവതീ യുവാക്കളിൽ നിന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടാംഘട്ട സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്തുന്നതിന് 125 കോൺസ്റ്റബിൾ തസ്തിക സൃഷ്ടിച്ച് ഉത്തരവായി. വയനാട് ജില്ലയിൽ നിന്നുള്ളവർക്ക് 85 തസ്തികകളും മലപ്പുറം ജില്ലയിലെ നിലമ്പൂർ, കാളികാവ്, അരീക്കോട്, വണ്ടൂർ ബ്ലോക്കുകളിൽ നിന്നുള്ളവർക്ക് 15ഉം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിൽ നിന്ന് 25ഉം തസ്തികകളാണുള്ളത്.
വയനാട് ജില്ലയിൽ നിന്നുള്ള തസ്തികകളിലേക്ക് വയനാട് വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ്കോളനികളിൽ വസിക്കുന്ന എല്ലാ പട്ടിക വർഗക്കാർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ഇതിൽ പണിയൻ, അടിയൻ, ഊരാളി (വെട്ടുക്കുറുമ), പ്രത്യേക ദുർബല ഗോത്ര വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്കൻ എന്നിവർക്ക് മുൻഗണന.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഒഴിവുകളിൽ നിലമ്പൂർ, കാളികാവ്, അരീക്കോട്, വണ്ടൂർ ബ്ലോക്കുകളിലെ വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ് കോളനികളിൽ വസിക്കുന്ന എല്ലാ പട്ടിക വർഗക്കാർക്കും അപേക്ഷിക്കാം. ഇതിൽ പണിയൻ, പ്രത്യേക ദുർബല ഗോത്രവിഭാഗത്തിൽപ്പെടുന്ന കാട്ടുനായ്ക്കൻ, ചോലനായ്ക്കൻ എന്നിവർക്ക് മുൻഗണന.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഒഴിവുകളിൽ അട്ടപ്പാടി ബ്ലോക്കിലെ വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ്കോളനികളിൽ വസിക്കുന്ന എല്ലാ പട്ടിക വർഗക്കാർക്കും അപേക്ഷിക്കാം. ഇതിൽ പ്രത്യേക ഗോത്ര വിഭാഗത്തിൽപ്പെട്ട കുറുമ്പർ വിഭാഗത്തിന് മുൻഗണന.
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ കോൺസ്റ്റബിൾ തസ്തികയിലേക്ക് ആദ്യഘട്ടത്തിൽ പിന്തുടർന്ന വിദ്യാഭ്യാസ യോഗ്യതകൾ അനുസരിച്ചും നടപടിക്രമങ്ങൾ അനുസരിച്ചുമായിരിക്കും നിയമനമെന്നും ഉത്തരവിൽ പറയുന്നു.