Connect with us

Kottayam

കേരള കോൺഗ്രസ് പിളർപ്പിലേക്ക്; അനുനയിപ്പിക്കാൻ യു ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെപ്പ് പ്രചാരണം ആദ്യഘട്ടം പിന്നിടുമ്പോഴും കേരളാ കോൺഗ്രസിൽ തർക്കം രൂക്ഷമായ സാഹചര്യത്തിൽ പിളർപ്പിന്റെ പരസ്യ സൂചന നൽകി പി ജെ ജോസഫ്. ഈ വർഷം അവസാനിക്കുന്നതോടെ പാർട്ടിയിൽ പുതിയ സംവിധാനം വരുമെന്ന സൂചനയാണ് പി ജെ ജോസഫ് നൽകിയിരിക്കുന്നത്. ഡിസംബറിന് ശേഷം പുതിയ സംഘടനാ സംവിധാനങ്ങളുമായി മുന്നോട്ടു പോകും. മുഴുവൻ ജില്ലകളിലും സ്വന്തമായി പ്രസിഡന്റുമാരും സംഘടനാ സംവിധാനവും നടപ്പിലാക്കുമെന്നും പി ജെ ജോസഫ് സൂചിപ്പിച്ചു. കെ എം മാണി മരിക്കുന്നതിന് മുമ്പ് തനിക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാൻ അനുഗ്രഹം നൽകിയിരുന്നെന്നും പിന്നീട് അത് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും ജോസഫ് പറഞ്ഞു.
എന്നാൽ ജോസ് കെ മാണി വിഭാഗം പ്രകോപനം തുടരുന്ന സാഹചര്യത്തിൽ പാലായിൽ പ്രചാരണത്തിൽ സഹകരിക്കാൻ കഴിയില്ലെന്നും പൂർണമായും വിട്ടുനിൽക്കുന്നത് ആലോചിക്കുമെന്നും ജോസഫ് യു ഡി എഫ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ യു ഡി എഫ് നേതൃത്വം ഇരുവിഭാഗങ്ങളുമായി ബന്ധപ്പെട്ട് സമവായത്തിനായി തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പി ജെ ജോസഫിനെ അപമാനിച്ചതിന് മാപ്പ് പറഞ്ഞ ശേഷം മതി സമവായ ചർച്ചയെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.

തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗവുമായി ഒന്നിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും പി ജെ ജോസഫ് കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൺവെൻഷനിലെ കൂവി വിളിയിലും പ്രതിച്ഛായയിൽ വന്ന പരാമർശങ്ങളിലും ജോസ് കെ മാണി പക്ഷം ഖേദം പ്രകടിപ്പിക്കുകയും തിരുത്തുകയും വേണമെന്നാണ് ആവശ്യം.

യു ഡി എഫ് ഇടപെട്ടാലും ഏകപക്ഷീയമായ വിട്ടുവീഴ്ച വേണ്ടതില്ലെന്നാണ് നിലവിൽ ജോസഫ് വിഭാഗത്തിലെ ധാരണ. യു ഡി എഫ് ക്ഷണം സ്വീകരിച്ച് കൺവെൻഷനിലെത്തിയ പി ജെ ജോസഫിനെ ജോസ് കെ മാണി അനുകൂലികൾ കൂവി അപമാനിച്ചിരുന്നു. തൊട്ടുപിന്നാലെ പാർട്ടി മുഖപത്രമായ പ്രതിച്ഛായയിലൂടെയും ജോസഫിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ലേഖനം മാധ്യമങ്ങൾക്ക് കൈമാറി ജോസഫിനെതിരായ പരാമർശങ്ങൾ മനപ്പൂർവം ജോസ് കെ മാണി വിഭാഗം വാർത്തയാക്കിയെന്നുമാണ് ജോസഫ് വിഭാഗം കരുതുന്നത്.
ഈ സാഹചര്യത്തിലാണ് മാപ്പ് പറഞ്ഞ ശേഷം മതി സമവായ ചർച്ചയെന്ന നിലപാട് ജോസഫ് ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നത്. ജോസ് കെ മാണി പക്ഷം പരസ്യമായി മാപ്പ് പറയുകയെന്നതിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും വഴങ്ങേണ്ടെന്നും ഒരു വിഭാഗം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കൂടുതൽ വിവാദങ്ങളിലേക്ക് കടക്കാതെ വിജയത്തിനായി കഠിനാധ്വാനം ചെയ്യണമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്.

അതേസമയം, പി ജെ ജോസഫിനെ അനുനയിപ്പിക്കാൻ യു ഡി എഫ് നേതൃത്വം തിരക്കിട്ട നീക്കം ആരംഭിച്ചിട്ടുണ്ട്. പ്രചാരണ വേദികളിൽ ജോസഫിന്റെ സാന്നിധ്യം ഉറപ്പാക്കാനാണ് യു ഡി എഫ് നീക്കം. ഇതിന്റെ ഭാഗമായി ജോസഫ് വിഭാഗം നേതാക്കളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് ചർച്ച നടത്തും. മോൻസ് ജോസഫ്, ജോയ് എബ്രഹാം എന്നിവരുമായാണ് ചർച്ച നടത്തുക. ഇന്നലെ ഇരുവരെയും ചർച്ചക്ക് വിളിച്ചിരുന്നുവെങ്കിലും യു ഡി എഫ് കൺവീനർ എത്താത്തതിനാൽ ചർച്ച നടന്നിരുന്നില്ല.

Latest