ഫോക്‌സ് വാഗൺ റിപ്പോർട്ടുമായി പ്രതിനിധികൾ നേരിട്ടെത്തും

Posted on: September 10, 2019 9:16 am | Last updated: September 10, 2019 at 3:10 pm

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് ഓടിച്ചിരുന്ന കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ വണ്ടിയുടെ പരിശോധന പൂർത്തിയാക്കി ഫോക്‌സ് വാഗൺ കമ്പനി രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. വാഹനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് ഫോക്‌സ് വാഗൺ സംഘം മടങ്ങിയതിന് ശേഷം റിപ്പോർട്ട് വൈകിയിരുന്നു. തുടർന്ന് റിപ്പോർട്ട് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കമ്പനിക്ക് കത്തയച്ചിരുന്നു.

ഇതിനെത്തുടർന്ന് നടപടികൾ വേഗത്തിലാക്കാമെന്ന ഉറപ്പും കമ്പനി അധികൃതർ നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് ലഭിക്കാൻ വീണ്ടും കാലതാമസം നേരിട്ട സാഹചര്യത്തിൽ ഇന്നലെ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടതിനെ തുടർന്നാണ് റിപ്പോർട്ട് രണ്ട് ദിവസത്തിനകം നേരിട്ടെത്തി സമർപ്പിക്കുമെന്ന കാര്യം അധികൃതർ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു അപകടത്തെത്തുടർന്ന് ഫോക്‌സ് വാഗൺ പ്രതിനിധികൾ ഇത്ര വിശദമായി വാഹനത്തിന്റെ ഡിജിറ്റൽ ഡേറ്റ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മ്യൂസിയം പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഫോക്‌സ് വാഗൺ വെന്റോ മോഡൽ കാർ കമ്പനിയുടെ പുണെയിൽ നിന്നുള്ള വിദഗ്ധ സംഘം എത്തിയാണ് പരിശോധനക്കാവശ്യമായ ഡിജിറ്റൽ ഡേറ്റ ശേഖരിച്ചത്. ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തിൽ പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതിന്റെ രീതി, ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. കോടതിയുടെ അനുമതിയോടെ പുണെയിൽ നിന്നും എത്തിയ സംഘം തിരുവനന്തപുരത്തുള്ള ഫോക്‌സ് വാഗണിന്റെ ഷോറൂമിലെത്തിയാണ് ക്രാഷ് ഡേറ്റാ റിക്കോർഡറിൽ നിന്നുളള വിവര ശേഖരണം നടത്തിയത്.

എന്നാൽ സംഘം പുണെയിലെത്തിയ ശേഷം ഇത് ഒരു പ്രത്യേക കേസായി പരിഗണിച്ച്, ശേഖരിച്ചിരുന്ന വിവരങ്ങൾ കൂടുതൽ വിശകലനത്തിനായി ജർമനിയിലെ ഫോക്‌സ് വാഗൺ കമ്പനിയുടെ ലാബിലേക്ക് അയച്ചിരുന്നു. ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കമ്പനി റിപ്പോർട്ട് സമർപ്പിക്കുക. ഫോക്‌സ് വാഗൺ കമ്പനി അധികൃതരുടെ റിപ്പോർട്ട് കൂടി ഉൾപ്പെടുത്തി കേസ് ഡയറി സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോറൻസിക് റിപ്പോർട്ടും മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടുമാണ് ഇനി പ്രത്യേക അന്വേഷണ സംഘത്തിന് ലഭിക്കാനുള്ളത്.

ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ച് തെളിവ് നശിപ്പിച്ചതിനും എഫ് ഐ ആർ വൈകിപ്പിച്ചതിനും മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ് ഐ ജയപ്രകാശിനെ നരഹത്യാ കേസിൽ കൂട്ടുപ്രതിയാക്കണമെന്ന് ഹരജി സമർപ്പിച്ചത് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ഹരജിയിൽ ഈ മാസം 25ന് പ്രത്യേക അന്വേഷണ സംഘം വിശദീകരണം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ സംഘത്തലവനോടാണ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എ അനീസ ഉത്തരവിട്ടത്. അപകടമുണ്ടായ സമയം മുതൽ ശ്രീറാം വെങ്കിട്ടരാന് ഒത്താശ ചെയ്ത് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ് ഐ നടത്തിയത്. തെളിവ് നശിപ്പിക്കൽ ഗൂഢാലോചന കുറ്റം ചുമത്തി എസ് ഐയെ പ്രതിചേർക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചിട്ടുള്ളത്.