ബിയ്യംകായൽ വള്ളംകളി മത്സരം 13ന്

Posted on: September 10, 2019 1:08 pm | Last updated: September 10, 2019 at 1:08 pm
പൊന്നാനി ബിയ്യം കായലിൽ പരിശീലനം നടത്തുന്ന വള്ളം

മലപ്പുറം: മലബാറിന്റെ ജലോത്സവമായ ബിയ്യം കായൽ വള്ളംകളി മത്സരത്തിന് ഇനി രണ്ട് ദിവസം. ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന വള്ളംകളി ഇത്തവണ ജനകീയ പങ്കാളിത്തത്തോടെയാണ് നടത്തുന്നത്. വള്ളംകളിയുടെയും പൂർത്തിയാക്കിയ പവലിയൻ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനവും ഈമാസം 13ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിക്കും. മന്ത്രി ഡോ. കെ ടി ജലീൽ, ഇ ടി മുഹമ്മദ് ബഷീർ എം പി, കലക്ടർ ജാഫർ മലിക് പങ്കെടുക്കും.

പടിഞ്ഞാറേക്കര, കടവനാട്, ബിയ്യം, കാഞ്ഞിരമുക്ക്, പുറത്തൂർ, പുഴമ്പ്രം, എരിക്കമണ്ണ, പുളിക്കക്കടവ്, പത്തായി സെന്റർ എന്നിവിടങ്ങളിൽ നിന്നായി പത്ത് മേജർ വള്ളങ്ങളും പതിമൂന്ന് മൈനർ വള്ളങ്ങളുമടക്കം ഇത്തവണ 23 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷങ്ങൾ മാറ്റി വെച്ചിരുന്നു. ടൂറിസം വകപ്പ് നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി ബി എൽ) ചുണ്ടൻ വള്ളങ്ങളുടെ ഒരു മത്സരം അടുത്തമാസം ഒന്നിന് ബിയ്യം കായലിൽ നടക്കുന്നുണ്ട്. കഴിഞ്ഞ തവണയും പ്രളയ ദുരന്തത്തെ തുടർന്ന് വള്ളംകളി ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങളും മാറ്റിയിരുന്നു. ഇത്തവണയും ആഘോഷങ്ങൾ മാറ്റിവെക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ക്ലബുകളുടെയും നാട്ടുകാരുടെയും ആവശ്യത്തെ തുടർന്നാണ് ആർഭാടങ്ങളൊഴിവാക്കി ജനകീയ പിന്തുണയോടെ ജലോത്സവത്തിന് അംഗീകാരം കിട്ടിയത്. ഒന്നാം സ്ഥാനക്കാർക്ക് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 15000, മൂന്നാം സ്ഥാനം 10000 വും ലഭിക്കും.മത്സരത്തിന് മുന്നോടിയായി തുഴച്ചിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ഇവിടെ പരിശീലനം നടക്കുന്നുണ്ട്. രാവിലെ ആറു മുതൽ എട്ട് വരെയും വൈകീട്ട് അഞ്ചിന് ശേഷവുമാണ് പരിശീലനം.