മുഹമ്മദ് ഹാജി ഹികമിയ്യക്ക് ‘ബാപ്പ’യായിരുന്നു

Posted on: September 10, 2019 1:05 pm | Last updated: September 10, 2019 at 1:05 pm
ഇ കെ മുഹമ്മദ് ഹാജിയെ ഹികമിയ്യ സിൽവർ ജൂബിലി സമ്മേളനത്തിൽ ആദരിച്ചപ്പോള്‍ (ഫയൽ)

മഞ്ചേരി: ഏറനാടിന്റെ ആസ്ഥാന നഗരിയിൽ അഹ്‌ലുസുന്നയുടെ മുന്നേറ്റങ്ങൾക്ക് അസ്ഥിത്വം പകർന്ന ജാമിഅ ഹികമിയ്യ സ്ഥാപനങ്ങളുടെ രക്ഷാധികാരി ഇ കെ മുഹമ്മദ് ഹാജിക്ക് ആയിരങ്ങളുടെ യാത്രാമൊഴി.
മക്കളില്ലാത്ത മുഹമ്മദ് ഹാജിക്കും ഭാര്യ ഖദീജ ഹജ്ജുമ്മക്കും ഹികമിയ്യയിലെ മുതഅല്ലിമുകളും യതീമുകളും സ്‌കൂൾ വിദ്യാർഥികളുമായിരുന്നു മക്കൾ. ആയിരക്കണക്കിന് വിദ്യാർഥികൾ ഇ കെ മുഹമ്മദ് ഹാജിയെ ബാപ്പ എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ ഒരു പ്രദേശത്തെ ദീനീ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച ഇ കെ മുഹമ്മദ് ഹാജി എന്ന പൗരപ്രധാനി നാട്ടുകാരുടെ എല്ലാം “ബാപ്പ’യായി.
പ്രതിസന്ധികൾ നിറഞ്ഞ തൊണ്ണൂറുകളിൽ മഞ്ചേരിയിലും പരിസരങ്ങളിലും സുന്നി പ്രവർത്തനങ്ങൾക്ക് ഒരു കേന്ദ്രം ആരംഭിക്കാൻ സുന്നി പ്രവർത്തകർ കഷ്ടപ്പെടുന്ന കാലത്താണ് പാപ്പിനിപ്പാറയിലെ തന്റെ വിശാലമായ നാല് ഏക്കർ സ്ഥലം ഹികമിയ്യയുടെ പ്രവർത്തനങ്ങൾക്കായി വഖ്ഫായി നൽകുന്നത്. തുടർന്നുള്ള മൂന്ന് പതിറ്റാണ്ടോളം കാലം മർഹും ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഉസ്താദും കാരക്കുന്ന് മുഹമ്മദ് മുസ്‌ലിയാരും ഉൾപ്പെടെയുള്ള പണ്ഡിത പ്രതിഭകളുടെ കൂടെനിന്ന് ഹികമിയ്യയുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി.

ഹികമിയ്യ സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് മുഹമ്മദ് ഹാജിയുടെ ഭാര്യയുടെ പേരാണ് നൽകിയിരിക്കുന്നത്. ഏതാനും വർഷങ്ങളായി രോഗബാധിതനായി കിടക്കുന്ന അദ്ദേഹം ഇന്നലെ രാവിലെ 10 മണിയോടെയാണ് മരണപ്പെട്ടത്. 2018 നടന്ന ഹികമിയ്യ സിൽവർ ജൂബിലി സമ്മേളനത്തിൽ ഇ കെ മുഹമ്മദ് ഹാജിയെ ആദരിച്ചിരുന്നു. വൈകുന്നേരം അഞ്ചിന് ആലുംകുന്ന് ജുമുഅ മസ്ജിദിലും തുടർന്ന് ഹികമിയ്യ ക്യാമ്പസ് മസ്ജിദിലും ജനാസ നിസ്‌കാരം നടന്നു. അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം ഹികമിയ്യ ക്യാമ്പസ് മസ്ജിദിന് സമീപമാണ് ഖബറടക്കിയത്. ജനാസ നിസ്‌കാരത്തിന് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി നേതൃത്വം നൽകി.

നിര്യാണത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുശോചനം രേഖപ്പെടുത്തി. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, പൊന്മള മൊയ്തീൻകുട്ടി ബാഖവി, കെ സി അബൂബക്കർ ഫൈസി, അലവി സഖാഫി കൊളത്തൂർ, അലവി ദാരിമി ചെറുകുളം, സൈതലവി ദാരിമി ആനക്കയം, പ്രൊഫ. കെ എം എ റഹീം, സയ്യിദ് നസീർ ശിഹാബ് പാണക്കാട്, എം എൻ സിദ്ദീഖ് ഹാജി ചെമ്മാട്, എ നജീബ് മൗലവി, അബ്ദുഹാജി വേങ്ങര, പി എം മുസ്തഫ കോഡൂർ, കെ പി ജമാൽ കരുളായി, അസൈനാർ സഖാഫി കുട്ടശ്ശേരി, പത്തപ്പിരിയം അബ്ദുർറഷീദ് സഖാഫി, മുഹമ്മദ് ശരീഫ് നിസാമി പയ്യനാട് തുടങ്ങിയ പ്രമുഖർ ജനാസ സന്ദർശിച്ചു.