ഏഴര ലക്ഷം രൂപ യാത്രാപ്പടി; മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയിൽ വാഗ്വാദം, ഇറങ്ങിപ്പോക്ക്

Posted on: September 10, 2019 1:01 pm | Last updated: September 10, 2019 at 1:01 pm


കോഴിക്കോട്: ജില്ലാ പ്രസിഡന്റ് ഏഴര ലക്ഷം രൂപ യാത്രാപ്പടി വാങ്ങിയതിനെച്ചൊല്ലി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ വാഗ്വാദവും ഇറങ്ങിപ്പോക്കും. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വാർഷിക കൗൺസിലിലാണ് യാത്രാപ്പടിയെച്ചൊല്ലി പ്രശ്‌നങ്ങളുണ്ടായത്. ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദും എം സി മായിൻ ഹാജിയും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമായിരുന്നു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വാർഷിക കൗൺസിൽ വിളിച്ചു ചേർത്തത്. മറ്റ് അജൻഡകൾക്ക് ശേഷം 2018-19 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചപ്പോഴാണ് 7,42,000 രൂപ യാത്രാപ്പടി ഇനത്തിൽ രേഖപ്പെടുത്തിയതായി അംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ലീഗിന്റെ കീഴ്‌വഴക്കമനുസരിച്ച് ഇത്തരത്തിലൊരു യാത്രാപ്പടി ഉണ്ടാവാറില്ലെന്നും അതിന്റെ വിശദാംശങ്ങൾ അവതരിപ്പിക്കണമെന്നും അംഗങ്ങൾ ആവശ്യമുന്നയിച്ചു.

എന്നാൽ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലക്ക് താൻ ഒരു പൈസ പോലും യാത്രാപ്പടിയായി വാങ്ങിയിട്ടില്ലെന്നും തന്നെ അതിൽ കക്ഷിയാക്കരുതെന്നും എം എ റസാഖ് മാസ്റ്റർ പറഞ്ഞു. കൂടാതെ പി കെ അസീസ് മാസ്റ്റർ അടക്കമുള്ള ജില്ലാ ഭാരവാഹികളും ഇതേ നിലപാടെടുത്തു.

തുടർന്ന് ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാല യോഗത്തിൽ രൂക്ഷമായ വിമർശനങ്ങൾക്കിരയായി. കൗൺസിലിൽ പങ്കെടുത്ത 220 ഓളം പേരിൽ ഭൂരിഭാഗവും പ്രസിഡന്റിനെതിരെ രംഗത്തെത്തിയതോടെ യോഗം ബഹളമായി. തുടർന്ന് നിരീക്ഷകനായെത്തിയ ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ സംഭവം സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാമെന്നും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാമെന്നും അറിയിച്ചതോടെയാണ് രംഗം ശാന്തമായത്. അതേസമയം, 900ത്തോളം പേർ പങ്കെടുക്കേണ്ട ലീഗ് ജില്ലാ കൗൺസിലിൽ 220 പേർ മാത്രം പങ്കെടുത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ചിലർ വിമർശിച്ചു.
കൂടാതെ, ലീഗിന്റെ ആഭിമുഖ്യത്തിൽ താമരശ്ശേരി മലപുറത്ത് നിർമിക്കാനുദ്ദേശിക്കുന്ന ആശുപത്രിക്കെതിരെയും വിമർശനമുയർന്നു. ലീഗിന്റെ മുഖ പത്രമായ ചന്ദ്രികയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പത്രം ഭീമമായ സാമ്പത്തിക ബാധ്യതയിൽ പെട്ടുഴലുമ്പോൾ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തത് സ്ഥാപനം അടച്ചുപൂട്ടാനിടയാക്കുമെന്നു ചിലർ ചൂണ്ടിക്കാട്ടി.

അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാല പറഞ്ഞു.
പ്രസിഡന്റ് എന്ന നിലക്ക് നിരവധി യാത്രകൾ ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഈയിനത്തിലെ യാത്രാചെലവ് മാത്രമാണിത്. 7,42,000 രൂപയിൽ 3,80,000 രൂപ ജനറൽ സെക്രട്ടറിയായ എം എ റസാഖ് മാസ്റ്റർക്ക് നൽകാനുള്ളതാണെന്നും അദ്ദേഹം സിറാജിനോട് പറഞ്ഞു.