കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്; കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ വൻ തട്ടിപ്പ്

Posted on: September 10, 2019 8:56 am | Last updated: September 10, 2019 at 12:57 pm


ചെറുപുഴ (കണ്ണൂർ): ലീഡർ കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് ഉണ്ടാക്കി പണം തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. മുൻ കെ പി സി സി അംഗം കെ കുഞ്ഞികൃഷ്ണൻ നായർ ചെയർമാനായ ലീഡർ കെ കരുണാകരൻ സ്മാരക ട്രസ്റ്റ് 30 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കേസ്.

കെ കുഞ്ഞികൃഷ്ണന് പുറമേ ഡയറക്ടർമാരായ റോഷി ജോസ്, ടി വി അബ്ദുൽ സലീം, ജെ സെബാസ്റ്റ്യൻ, സ്‌കറിയ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മുൻ വൈസ് ചെയർമാൻ ജെയിംസ് പന്തം മക്കലിന്റെ പരാതിയിലാണ് കേസെടുത്തത്. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനായി എടുത്ത രണ്ടര ഏക്കർ സ്ഥലത്ത് ഷോപ്പിംഗ് മാൾ നിർമിക്കുമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി വഞ്ചിച്ചെന്നാണ് ജെയിംസ് പരാതി നൽകിയത്.

ചെറുപുഴയിൽ കെട്ടിടം കരാറുകാരൻ ജോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കെ കരുണാകരൻ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണമാണ് ട്രസ്റ്റ് മുൻ വൈസ് ചെയർമാൻ ജെയിംസ് പന്തമാക്കൻ പരാതിയിൽ ഉന്നയിച്ചത്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കായി കെ കരുണാകരൻ ട്രസ്റ്റ് തുടങ്ങിയ സംരംഭം ഷോപ്പിംഗ് കോംപ്ലക്സ് ആക്കിയതിൽ കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.

പോലീസിന് അന്ന് നൽകിയ പരാതി അന്വേഷിച്ചിരുന്നുവെങ്കിൽ ജോയിക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നും ജെയിംസ് പന്തമാക്കൻ ആരോപിക്കുന്നു. ചെറുപുഴയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് 2011ൽ കെ കരുണാകരൻ ട്രസ്റ്റ് രൂപവത്കരിക്കുന്നത്. സ്ഥലം വാങ്ങി പണി തുടങ്ങുന്നതിന് മുന്പ് ധനസമാഹരണത്തിനാണ് ട്രസ്റ്റിന് പുറമെ ചെറുപുഴ ഡെവലപ്പേഴ്സ് രൂപവത്കരിക്കുന്നത്. പണി പൂർത്തിയായ ഉടനെ 90 സെന്റും മുകൾ നിലയിലെ ഫ്ലാറ്റുകളും ട്രസ്റ്റ് ഭാരവാഹികളായ കോൺഗ്രസ് നേതാക്കൾ കൂടി ഉൾപ്പെട്ട സിയാദ് കമ്പനിക്ക് വിറ്റു. കെ കരുണാകരൻ ട്രസ്റ്റിലും ചെറുപുഴ ഡെവലപ്പേഴ്സിലുമുള്ള കോൺഗ്രസ് നേതാക്കൾക്ക് ഫ്ലാറ്റ് വാങ്ങിയ സിയാദ് കമ്പനിയിലും വലിയ ഓഹരികളുണ്ട്. ബാക്കി കടമുറികൾ കൂടി വിറ്റ വകയിലുള്ള കോടികൾ കെ കരുണാകരൻ ട്രസ്റ്റിലേക്ക് എത്തിയില്ലെന്ന് മാത്രമല്ല ട്രസ്റ്റിന്റെ ഭാഗമാകേണ്ട ആസ്തികളും കോൺഗ്രസ് നേതാക്കൾ വീതം വെച്ചുവെന്നാണ് ആരോപണം.
2015ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് ആശുപത്രിക്ക് തറക്കല്ലിടുന്നത്. ബാധ്യതകൾ തീർന്നിട്ടില്ലെന്നാണ് ചെറുപുഴ ഡെവലപ്പേഴ്സ് വിശദീകരിക്കുന്നത്.

നിലവിലുള്ള ക്ലീനിക്കാകട്ടെ കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രിയെന്ന ബോർഡ് മാത്രം വെച്ച് കാഞ്ഞങ്ങാട്ടെ സ്വകാര്യ ഏജൻസിക്ക് വാടകക്ക് കൊടുത്തു. ജോയിയുടെ ആത്മഹത്യക്ക് തൊട്ടു പിന്നാലെ ബോർഡുകൾ നീക്കിയതായും പരാതിയിൽ ചൂണ്ടിക്കാട്ടി.\

കോൺഗ്രസിന് ബന്ധമില്ല; സതീശൻ പാച്ചേനി

കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ കുടുംബത്തിന് നീതി കിട്ടുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കാലതാമസം കൂടാതെ അത് സാധ്യമാക്കുമെന്നും ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി. ലീഡർ കെ കരുണാകരൻ സ്മാരക ട്രസ്റ്റുമായോ ചെറുപുഴ ഡെവലപ്പേഴ്‌സ് കമ്പനിയുമായോ സിയാദ് കമ്പനിയുമായോ കോൺഗ്രസിന് ബന്ധമില്ല. കോൺഗ്രസ് ഭാരവാഹികൾ ട്രസ്റ്റിലും കമ്പനിയിലും അംഗമായത് കൊണ്ട് പാർട്ടി ഭാരവാഹികൾക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും സതീസൻ പറഞ്ഞു.

കോടികളുടെ കുംഭകോണം: കോടിയേരി

കണ്ണൂർ: കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ കോൺഗ്രസുകാർ കോടികളുടെ കുംഭകോണമാണ് നടത്തിയതെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെട്ടിടനിർമാണത്തിന്റെ പണം നൽകാത്തതിനെ തുടർന്ന് കരാറുകാരനായ ജോസഫ് മരിക്കാനിടയായതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ട്രസ്റ്റിന്റെ പേരിൽ നടന്ന തിരിമറികളും വെട്ടിപ്പും വിജിലൻസ് അന്വേഷണത്തിനു വിധേയമാക്കമെന്നും കോടിയേരി ആവശ്യപ്പെട്ടു.