തൊട്ടാൽ പൊള്ളും ശർക്കര ഉപ്പേരി

Posted on: September 10, 2019 12:53 pm | Last updated: September 10, 2019 at 12:53 pm


കോഴിക്കോട്: ഏത്തക്കായക്കും ശർക്കരക്കും വില കൂടിയതോടെ ശർക്കര ഉപ്പേരിക്ക് പൊള്ളുംവില. ഓണാഘോഷത്തിന് ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് ശർക്കര ഉപ്പേരിയെന്നിരിക്കെ എത്ര പൊള്ളും വിലയായിട്ടും ആവശ്യക്കാർ ഒഴിയുന്നില്ല.

കിലോഗ്രാമിന് 350 രൂപ മുതൽ 400 വരെയാണ് ശർക്കര ഉപ്പേരിയുടെ വില നിലവാരം. ഏത്തക്കായ, ശർക്കര, ജീരകം, ഏലപ്പൊടി, ചുക്ക് തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന ശർക്കര ഉപ്പേരിക്ക് സാധാരണ ഗതിയിൽ 300 രൂപയാണ് വില. ശർക്കര ഉപ്പേരിയോടൊപ്പം ഓണത്തിന് വറുത്തകായക്കും വറുത്തുപ്പേരിക്കുമൊക്കെ നല്ല ഡിമാന്റാണ്. വറുത്ത കായക്കും ഉപ്പേരിക്കും 340 മുതൽ 380 രൂപ വരെ വില ഈടാക്കുന്നുണ്ട്. മണ്ണാർക്കാട് നിന്നുള്ള ഏത്തക്കായയാണ് സാധാരണ ഗതിയിൽ വറുത്ത കായ ഇനങ്ങൾക്ക് ഉപയോഗിക്കാറ്. എന്നാൽ, മണ്ണാർക്കാട് ഏത്തക്കായക്ക് വേണ്ടത്ര വലിപ്പം ഇല്ലാത്തതിനാൽ തമിഴ്‌നാട് മേട്ടുപ്പാളയത്ത് നിന്നും ഗുണ്ടൽ പേട്ടിൽ നിന്നുമാണ് ഇത്തവണ ഏത്തക്കായ എത്തിക്കുന്നതെന്ന് കോഴിക്കോട് പാളയം മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു.

പ്രളയം കാരണം വയനാട്ടിൽ നിന്ന് ധാരാളം കായ എത്തുന്നുണ്ടെങ്കിലും ഇവയിലധികവും മൂപ്പെത്താത്തവയാണ്. ഇത് വറുത്തകായക്ക് പറ്റില്ല. മൂപ്പെത്തിയ ഏത്തക്കായക്ക് കഴിഞ്ഞ രണ്ടാഴ്ച മുമ്പ് 37 രൂപയായിരുന്നു മൊത്ത വിലയെങ്കിൽ ഇന്നലെ കോഴിക്കോട് മാർക്കറ്റിൽ 48 രൂപക്കാണ് വിൽപ്പന നടന്നത്. ശർക്കരക്കും വില കൂടിയിട്ടുണ്ട്.