രാജ്യദ്രോഹകുറ്റം: ഷെഹ്‌ല റാഷിദിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് കോടതി

Posted on: September 10, 2019 11:53 am | Last updated: September 10, 2019 at 9:52 pm

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിന് ശേഷമുള്ള കശ്മീരിലെ അവസ്ഥ സംബന്ധിച്ച് ട്വിറ്ററില്‍ പ്രതികരിച്ചതിന് രാജ്യദ്രോഹ കേസെടുത്ത ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നതിന് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ താത്കാലിക വിലക്ക്. നവംബര്‍ അഞ്ച് വരെയാണ്‌ അറസ്റ്റില്‍ നിന്ന് ഷെഹലക്ക് ഇട്ടക്കാല സംരക്ഷം നല്‍കിയത്. കേസ് നവംബര്‍ അഞ്ചിന് വീണ്ടും പരിഗണനക്ക് എടുക്കും. അതുവരെ അന്വേഷണവുമായി ഷെഹ്‌ല പൂര്‍ണമായും സഹകരിക്കണമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ ഉത്തരവിട്ടു. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും ജഡ്ജ് പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 153എ, 153, 504, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇന്ത്യന്‍ സൈന്യത്തിന് അപകീര്‍ത്തിപ്പെടുത്തിയെന്ന സുപ്രീം കോടതി അഭിഭാഷകന്റെ പരാതിയിലായിരുന്നു കേസ്.

ഷെഹ്‌ലക്കെതിരെ ഇന്ത്യന്‍ സൈന്യം പരാതി നല്‍കിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യുട്ടര്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയില്‍ കശ്മീരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പങ്കുവെക്കുകയായിരുന്നു താനെന്നും തന്നെ നിശബ്ദയാക്കാനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഷെഹ്‌ല റാഷിദ് കോടതിയില്‍ പറഞ്ഞു.