Connect with us

Editorial

കേസുകളിലെ സാക്ഷി മൊഴിമാറ്റങ്ങള്‍

Published

|

Last Updated

സാക്ഷികളുടെ നിരന്തര കൂറുമാറ്റത്തില്‍ വലഞ്ഞിരിക്കുകയാണ് അഭയ കേസില്‍ സി ബി ഐ. ഇതിനകം വിസ്തരിച്ച 12 സാക്ഷികളില്‍ മുഖ്യസാക്ഷികളിലൊരാളായ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ അഞ്ച് പേര്‍ കൂറുമാറി. അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും അടുക്കളയില്‍ കണ്ടുവെന്നായിരുന്നു സിസ്റ്റര്‍ അനുപമ നേരത്തെ മൊഴി നല്‍കിയിരുന്നത്. അസ്വാഭാവികമായി ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ലെന്ന് പിന്നീടവര്‍ കോടതിയില്‍ മാറ്റി പറയുകയായിരുന്നു. ഇനി വിസ്തരിക്കാനിരിക്കുന്ന സാക്ഷികളിലും സി ബി ഐക്ക് പ്രതീക്ഷയില്ല. കൂറുമാറ്റം ഭയന്ന് കഴിഞ്ഞ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന സാക്ഷി വിസ്താരം അന്വേഷണ ഏജന്‍സിക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. സാക്ഷികളെല്ലാം പ്രതികളുടെ നിയന്ത്രണത്തിലാണെന്നും ഒരാള്‍ പോലും സത്യം പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും രാജ്യത്തെ ഏറ്റവും പ്രമുഖ അന്വേഷണ ഏജന്‍സിയായ സി ബി ഐക്ക് കോടതിയില്‍ പറയേണ്ടി വന്നത് അവരുടെ നിസ്സഹായാവസ്ഥ വ്യക്തമാക്കുന്നു.

1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയതു സംബന്ധിച്ചാണ് കേസ്. തുടക്കത്തില്‍ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസും പിന്നീട് കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ചും അഭയയുടെ മരണം ആത്മഹത്യയാണെന്ന് ഒരു ഘട്ടത്തിൽ റിപ്പോര്‍ട്ടെഴുതി അന്വേഷണം അവസാനിപ്പിച്ചു.

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം 1993ല്‍ കേസ് സി ബി ഐ ഏറ്റെടുത്തു. സി ബി ഐ. ഡി വൈ എസ് പി വര്‍ഗീസ് പി തോമസിനായിരുന്നു അന്വേഷണ ചുമതല. അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്നും കേസ് അട്ടിമറിക്കാന്‍ ക്രൈം ബ്രാഞ്ച് തെളിവ് സാധനങ്ങളെല്ലാം സി ബി ഐയെ ഏല്‍പ്പിക്കാതെ കത്തിച്ചു കളഞ്ഞതായും കണ്ടെത്തി. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടന്ന രാസ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നതായും വെളിപ്പെട്ടു. കോട്ടയം അതിരൂപതാ ചാന്‍സലറായിരുന്ന ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, തിരുവല്ല സെന്റ് ജോസഫ് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ സെഫി എന്നിവര്‍ ചേർന്ന് അഭയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന നിഗമനത്തിലാണ് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നത്. സി ബി ഐ അന്വേഷണ കാലത്തും കേസ് അട്ടിമറിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. അഭയ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സി ബി ഐ. എസ് പി, വി ത്യാഗരാജന്‍ ആവശ്യപ്പെട്ടതായി വര്‍ഗീസ് പി തോമസ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. ഈ സാഹചര്യത്തില്‍ സാക്ഷികളുടെ ഇപ്പോഴത്തെ കൂട്ടത്തോടെയുള്ള കൂറുമാറ്റവും കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സംശയിക്കപ്പെടുന്നുണ്ട്. സാക്ഷിമൊഴികളാണ് അഭയ കൊല്ലപ്പെട്ടതെന്ന കണ്ടെത്തലിന് ആധാരം. അവര്‍ കളംമാറി ചവിട്ടിയാല്‍ കേസിന് അടിസ്ഥാനമില്ലാതാകുമെന്നാണ് നിയമജ്ഞരുടെ അഭിപ്രായം.

പ്രമാദമായ കേസുകളില്‍ സാക്ഷികള്‍ കൂറുമാറലും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടലും രാജ്യത്ത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്, ഗുജറാത്ത് ബെസ്റ്റ് ബേക്കറി കേസ്, ഹിന്ദുത്വ ഭീകരര്‍ പ്രതികളായ സ്‌ഫോടനക്കേസുകള്‍ തുടങ്ങിയവയിലെല്ലാം സാക്ഷികള്‍ നിരന്തരം കൂറുമാറിയിരുന്നു. ടി പി വധക്കേസില്‍ 40ഉം വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 30ഉം ബെസ്റ്റ് ബേക്കറി കേസില്‍ 37ഉം സാക്ഷികളാണ് കൂറുമാറിയത്. അജ്മീര്‍ സ്‌ഫോടനക്കേസുകളില്‍ മുഴുവന്‍ സാക്ഷികളും കൂറുമാറി. കൂറുമാറ്റമാണ് സ്‌ഫോടനക്കേസുകളിലെല്ലാം ഹിന്ദുത്വ ഭീകരരെ കോടതികള്‍ വെറുതെ വിടാന്‍ വഴിവെച്ചത്.

ജുഡീഷ്യറിയെ സംബന്ധിച്ചിടത്തോളം ആശാസ്യമല്ലാത്ത ഒരു പ്രവണതയാണ് സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത കേസുകളില്‍ വിശേഷിച്ചും. ആദ്യത്തില്‍ ആരുടെയും പ്രേരണയില്ലാതെ പ്രതികള്‍ക്കെതിരെ സ്വമേധയാ സാക്ഷി പറയാന്‍ മുന്നോട്ടു വന്നവര്‍ പിന്നീട് കൂട്ടത്തോടെ മൊഴി മാറ്റിപ്പറയുമ്പോള്‍ ഇതവര്‍ക്ക് സ്വയമുണ്ടായ മനംമാറ്റമായിരിക്കാന്‍ സാധ്യതയില്ല. കേസിന്റെ നാള്‍വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു നിഷ്പക്ഷ നിരീക്ഷകന് അങ്ങനെ വിശ്വസിക്കാനാകില്ല. വലിയ തോതിലുള്ള പ്രേരണയോ സമ്മര്‍ദങ്ങളോ ഉണ്ടായിരിക്കണം ഇതിനു പിന്നില്‍. ഹിന്ദുത്വ ഭീകരര്‍ പ്രതികളായ കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്ക് പിന്നീട് രാഷ്ട്രീയമായും സാമ്പത്തികമായും വലിയ നേട്ടങ്ങളുണ്ടായതായി കാണാം.

അജ്മീര്‍ സ്‌ഫോടനക്കേസിലെ സാക്ഷി മൊഴിയില്‍ മലക്കം മറിഞ്ഞ രണ്‍ധീര്‍ സിംഗ് താമസിയാതെ ഝാര്‍ഖണ്ഡിലെ ബി ജെ പി മന്ത്രിസഭയില്‍ അംഗമായത് ഉദാഹരണം. ഉന്നതരും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ളവരും പ്രതികളാകുന്ന കേസുകളില്‍ പ്രതികളെ സ്വാധീനിച്ചു കേസ് അട്ടിമറി നടക്കാറുണ്ടെന്ന് കോടതിക്കു നന്നായറിയാം. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം നല്‍കുമ്പോള്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് ഹൈക്കോടതി പ്രത്യേകം വ്യവസ്ഥ വെച്ചത് ഇതു കൊണ്ടായിരുന്നല്ലോ. എന്നിട്ടും ഈ കേസില്‍ ദിലീപ് ആറ് പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പക്ഷേ എന്തു ചെയ്യാന്‍; ജുഡീഷ്യറി ഇക്കാര്യത്തില്‍ നിസ്സഹായാവസ്ഥയിലാണ്. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ദൗര്‍ബല്യമാണിത്. പൊതുസമൂഹത്തിന് നിയമ നിര്‍വഹണത്തെ സംബന്ധിച്ച മതിപ്പില്ലാതാക്കാനും അരാജകത്വം വളരാനും ഇതിടയാക്കും. അസ്വാഭാവികമെന്നു സന്ദേഹമുദിക്കുന്ന കൂറുമാറ്റങ്ങള്‍ നടക്കുമ്പോള്‍, അതിനു പിന്നിലെ പ്രേരക ശക്തി ഏതെന്നു കണ്ടെത്തുകയും പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ നീതിന്യായ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന ദുശ്ശക്തികളെ വെളിച്ചത്തു കൊണ്ടുവരികയും ചെയ്യേണ്ടതാവശ്യമാണ്.