തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും; ഇന്ന് ഉത്രാടപാച്ചില്‍

Posted on: September 10, 2019 11:11 am | Last updated: September 10, 2019 at 8:43 pm

കോഴിക്കോട്: കേരളത്തിന്റെ ദേശീയ ഉത്സവമായ തിരുവോണം നാളെ. കഴിഞ്ഞ വര്‍ഷത്തേത് പോലെ പ്രളയ ദുരന്തത്തിന്റെ വേദനിക്കുന്ന ഓര്‍മയുമായാണ് മലയാളി ഇത്തവണയും ഓണം ആഘോഷിക്കുന്നത്. തിരുവോണത്തെ വരവേല്‍ക്കാനുള്ള ഉത്രാടപാച്ചിലാണ് നാടും നഗരവും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും, ഇലക്ട്രോണിക്‌സ് കടകളിലുമാണ് തിരക്ക് കൂടുതല്‍.

ഓണം പ്രമാണിച്ച് സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നും തുറന്ന് പ്രവര്‍ത്തിക്കും. ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച 1038 വില്ലേജിലെ 48 ലക്ഷം കുടുംബത്തിന് സൗജന്യ റേഷന്‍ വിതരണം തുടങ്ങി. 17 രൂപക്ക് രണ്ട് മുതല്‍ മൂന്നു കിലോവരെ ആട്ടയും നല്‍കും. രണ്ട് കിലോ പഞ്ചസാര സബ്‌സിഡിയില്‍ ഓണത്തോടനുബന്ധിച്ച് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സബ്‌സിഡി നിരക്കായ 22 രൂപ്ക്ക് രണ്ട് കിലോ പഞ്ചസാര ലഭിക്കും. സപ്ലൈകോ സ്‌റ്റോര്‍, കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്ത എന്നിവിടങ്ങളില്‍നിന്ന് ഒരുകിലോ പഞ്ചസാര വീതവും ലഭിക്കും.

മറ്റ് സഹകരണ സ്ഥാപനങ്ങള്‍ വഴിയും സര്‍ക്കാര്‍ പൊതുവിപണിയില്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഇതിനാല്‍ ഓണത്തിന് ഇത്തവണയും കാര്യമായ വിലക്കയറ്റമൊന്നുമില്ല. വിവിധ ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിന് മുമ്പായി വിതരണം ചെയ്യാനും സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്.

ഓാണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. എല്ലാ ജില്ലാകളിലും ജില്ലാ ഭരണകൂടത്തിന്റെ അഭ്യമുഖ്യത്തില്‍ വിവിധ ആഘോഷ പരിപാടികള്‍ നടക്കും.

എന്നാല്‍ പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ പതിനായിരം രൂപ ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളില്‍ പകുതിയോളം പേര്‍ക്ക് മാത്രമാണ് ഇതുവരെ അടിയന്തര സഹായമായ പതിനായിരം രൂപ നല്‍കിയിട്ടുളളൂ. ബാക്കിയുള്ളവരുടെ ബേങ്ക് രേഖകളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അതുകൊണ്ടാണ് സഹായവിതരണം വൈകുന്നതെന്നുമാണ് ദുരന്ത നിവാരണ വകുപ്പ് വിശദീകരിക്കുന്നത്.

സംസ്ഥാനത്തെ നിര്‍ധനര്‍ക്ക് കഴിഞ്ഞ വര്‍ഷം വരെ നല്‍കിയ ഓണക്കിറ്റ് ഇത്തവണ നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. ഭാരിച്ച ചിലവ് താങ്ങാന്‍ പറ്റാത്തതിനാലാണ് കിറ്റ് നല്‍കാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അന്ത്യോദയ, അന്നയോജന വിഭാഗത്തില്‍പ്പെട്ട അഞ്ച് ലക്ഷം പേര്‍ക്കാണ് ഓണക്കിറ്റ് ലഭിക്കാതെ പോയത്. എന്നാല്‍ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെല്ലാം വകുപ്പ് നേതൃത്വത്തില്‍ കിറ്റ് വിതരണം നടന്നിട്ടുണ്ട്.