ചീഫ് ജസ്റ്റിസിന്റെ സ്ഥലംമാറ്റം: തമിഴ്‌നാട്ടില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌ക്കരിക്കുന്നു

Posted on: September 10, 2019 10:24 am | Last updated: September 10, 2019 at 7:18 pm

ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ അഭിഭാഷകരുടെ കോടതി ബഹിഷ്‌ക്കരണം ആരംഭിച്ചു. സംസ്ഥാനത്ത് ഒരിടത്തും ഇന്ന് കോടതി നടപടികളോട് സഹകരിക്കില്ലെന്ന് അഭിഭാഷകര്‍ അറിയിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കൊളീജിയം തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ ഇന്ന് മനുഷ്യചങ്ങല തീര്‍ക്കും.

കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ കവാടം ഉപരോധിച്ച് അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി അഭിഭാഷകര്‍ കൊളീജിയത്തിന് കത്ത് നല്‍കിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍ രമണി നല്‍കിയ നിവേദനവും തള്ളിയിരുന്നു. സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് താഹില്‍ രമണി രാജി വച്ചെങ്കിലും രാജി കത്ത് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല.

ദിവസങ്ങള്‍ക്ക് മുമ്പാണ് വ്യക്തമായ കാരണം പറയാതെ താഹില്‍ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റിയത്. സ്ഥലംമാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് ആരോപണം. നേരത്തെ താഹില്‍ രമണി മുംബൈ ഹൈക്കോടതി ആക്ടിംഗ്് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ വിധി പറഞ്ഞിരുന്നു. പതിനൊന്ന് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്‌ക്കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതിയുടെ അന്നത്തെ വിധി.

രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളായ താഹില്‍ രമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്കു മാറ്റിയതിന് തരംതാഴ്ത്തലായാണ് പൊതുവെ ചര്‍ച്ച ചെയ്യപ്പെട്ടത്. ഇതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ വിയോജിപ്പാണെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്.