ഐക്യരാഷ്ട്ര സഭയിലെ കശ്മീര്‍ ചര്‍ച്ച; പ്രതിപക്ഷം മോദിക്കൊപ്പം- ശശി തരൂര്‍

Posted on: September 10, 2019 10:05 am | Last updated: September 10, 2019 at 12:18 pm

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തിന് പിന്നാലെ ഇക്കാര്യത്തില്‍ മോദി സര്‍ക്കാറിന് ഉറച്ച പിന്തുണയുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭ ചര്‍ച്ച ചെയ്യുമ്പോല്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് തരൂര്‍ പറഞ്ഞു.

തങ്ങള്‍ പ്രതിപക്ഷമായതിനാല്‍ കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഇന്ത്യക്കു പുറത്തു തങ്ങള്‍ ഒന്നാണ്. പാക്കിസ്ഥാന് തങ്ങള്‍ ഒരിഞ്ച് പോലും അസവരം നല്‍കില്ല-തരൂര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

നമ്മളെ പാക്കിസ്ഥാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് എതു കാരണത്തിനാണോ, അത് അവരും മുമ്പും ചെയ്തിട്ടുണ്ട്. പാക് അധീന കശ്മീരിന്റെയും ഗില്‍ജിത്ബള്‍ട്ടിസ്ഥാന്റെയും പദവികള്‍ എടുത്തുമാറ്റിയത് അവരാണ്. നമ്മുടെ നേര്‍ക്കു വിരല്‍ ചൂണ്ടാന്‍ അവര്‍ക്ക് അവകാശമില്ല. യു എന്നില്‍ പ്രസംഗിക്കാന്‍ മോദി പോകുന്ന സമയം തങ്ങളും ഒപ്പമുണ്ടാകും- തരൂര്‍ പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷം എന്ന നിലയില്‍ കേന്ദ്രത്തെ ചോദ്യം ചെയ്യുന്നത് തുടരും. കശ്മീരി സഹോദരങ്ങള്‍ നേരിടുന്ന പരീക്ഷണങ്ങള്‍ നമ്മള്‍ മനസ്സിലാക്കിയേ തീരൂ. ഇന്റര്‍നെറ്റും ടെലിഫോണുകളും ഇല്ലാത്ത മനുഷ്യര്‍. മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളോടു സംസാരിക്കാനാവുന്നില്ല. രാഷ്ട്രീയ നേതാക്കളായ ഫാറൂഖ് അബ്ദുല്ലയെ അടക്കമുള്ളവരെ തടവിലാക്കിയിരിക്കുന്നു. പാര്‍ലിമെന്റില്‍ ഞങ്ങള്‍ ഈ വിഷയങ്ങളൊക്കെയും ഉയര്‍ത്തിയതാണ്. രാജ്യത്തിനുള്ളില്‍ അതുയര്‍ത്തുക തന്നെ ചെയ്യും- തരൂര്‍ കൂട്ടിച്ചേര്‍ത്തു.