ആ കളി എന്റെ അവസാന മത്സരം പോലെ: ആശിഖ്

Posted on: September 9, 2019 6:49 am | Last updated: September 9, 2019 at 4:50 pm

ദോഹ: ഒമാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പൊരുതിയെങ്കിലും ജയമില്ലാതെ മടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. മത്സരത്തിൽ മലയാളി താരം ആശിഖ് കുരുണിയന്റെ പോരാട്ട വീര്യം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. വേഗതയാർന്ന നീക്കത്തിലൂടെ നിരവധി അവസരങ്ങളാണ് ആശിഖ് നെയ്‌തെടുത്തത്.

മത്സരത്തിൽ ഇന്ത്യ നേടി ഏക ഗോളിന് പിന്നിലും ആശിഖിന്റെ കാലുകളുണ്ടായിരുന്നു. പരുക്കിനെ തുടർന്ന് ദീർഘനാളുകൾക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ഈ മിഡ്ഫീൽഡർ ഭാവി ഇന്ത്യയുടെ പ്രതീക്ഷയാണെന്നതിൽ തകർക്കമില്ല. ഒമാനെതിരെ ജീവിതത്തിലെ അവസാന മത്സരം പോലെയാണ് താൻ കളിച്ചതെന്ന് ആശിഖ് പറയുന്നു.
പരുക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്താമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. ഒമാനെതിരെ കഴിവിന്റെ പരമാവധി പുറത്തെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. ജീവിതത്തിലെ അവസാന മത്സരമെന്ന ഒരു ചിന്ത മാത്രമായിരുന്നു എന്റെ മനസ്സ് മുഴുവൻ- ആശിഖ് തുടർന്നു.
ജനുവരിയിലാണ് ആശിഖ് സീനിയർ ടീമിനായി അവസാന മത്സരം കളിച്ചത്. കഴിഞ്ഞ വർഷം ചൈനീസ് തായ്‌പെയ്‌ക്കെതിരെയായിരുന്നു നീലക്കുപ്പായത്തിൽ താരത്തിന്റെ അരങ്ങേറ്റം.