ചെറുപുഴയിലെ കരാറുകാരന്റെ മരണം കണ്ണൂരിൽ കോൺഗ്രസ് – സി പി എം പോര്

Posted on: September 9, 2019 4:48 pm | Last updated: September 9, 2019 at 4:48 pm

കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കോൺഗ്രസ് – സി പി എം പോര്. ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ മരണത്തോടെ പ്രതിക്കൂട്ടിലായ സി പി എം, ചെറുപുഴയിൽ കരാറുകാരന്റെ മരണത്തെ തുടർന്ന് കോൺഗ്രസിനെതിരെ രംഗത്ത് വന്നതാണ് ജില്ലയിൽ വീണ്ടും കോൺഗ്രസ് – സി പി എം പോര് മുറുകാൻ കാരണം.

ചെറുപുഴ സംഭവം രാഷ്ടീയമായി ഉപയോഗിക്കാൻ സി പി എം തയ്യാറായതോടെ പ്രതിരോധിക്കാൻ കോൺഗ്രസും രംഗത്തെത്തിയിരിക്കുകയാണ്. ആന്തൂരിലെ പോലെ ചെറുപുഴയിലും ഡി സി സി പ്രസിഡന്റ് പദയാത്ര നടത്താൻ തയ്യാറാണോയെന്ന് കഴിഞ്ഞ ദിവസം സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ചോദ്യത്തിന് മറുപടിയുമായി ഡി സി സിപ്രസിഡന്റ് സതീശൻ പാച്ചേനി രംഗത്ത് വന്നിട്ടുണ്ട്. ആന്തൂരിലെയും ചെറുപുഴയിലെയും സംഭവങ്ങളുടെ പാശ്ചാത്തലത്തിൽ പരസ്യ സംവാദത്തിന് സി പി എം ജില്ലാ സെക്രട്ടറി തയ്യാറുണ്ടോയെന്ന് ഡി സി സി പ്രസിഡന്റ് ചോദിച്ചു. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറയുന്ന സ്ഥലത്ത് പറയുന്ന നേരത്ത് മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ഈ വിഷയത്തെ കുറിച്ച് സംവാദത്തിന് തയ്യാറാണ്. ചെറുപുഴയിലെ സംഭവത്തിൽ പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തിൽ, പാർട്ടി ഭാരവാഹികൾ അംഗമായ ആദരണീയനായ കോൺഗ്രസ് നേതാവിന്റെ നാമധേയത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട് ആരോപണം വന്നപ്പോൾ തന്നെ പ്രശ്‌നത്തിൽ ഇടപെടുകയും കുടുംബത്തിന് നീതി കിട്ടാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തതായി സതീശൻ പാച്ചേനി പറഞ്ഞു. ഇരയോടൊപ്പമാണ് കോൺഗ്രസ്, വേട്ടക്കാരോടൊപ്പമല്ല. എല്ലാ ആശങ്കകളും പരിഹരിക്കാൻ സർക്കാർ സമഗ്രമായി അന്വേഷിക്കട്ടെ.

ആന്തൂരിലെ സി പി എമ്മിന്റെ നാല് ലോക്കൽ കമ്മിറ്റികളും തളിപ്പറമ്പ ഏരിയാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റ് യോഗവും എടുത്ത തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ എത്തിയപ്പോൾ ആവിയായിപ്പോയില്ലേയെന്ന് ഡി സി സി പ്രസിഡന്റ് ചോദിച്ചു.

ചെറുപുഴയിലെ സംഭവം കോൺഗ്രസ് പാർട്ടിയും പൊതു സമൂഹവും അറിയുന്നത് ജോസഫേട്ടന്റെ മരണത്തിന് ശേഷമാണ്. എന്നാൽ ആന്തൂരിലെ സാജൻ സി പി എം ജില്ലാ സെക്രട്ടറിക്കും എം എൽ എക്കും മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിരുന്നു. സി പി എം എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

ഇന്നലെ എ ഐ വൈ എഫ് പ്രവർത്തകർ കരാറുകാരന്റെ മരണവുമായി ബന്ധപ്പെട്ട് മാർച്ച് നടത്തി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ആക്്ഷൻ കമ്മിറ്റി രൂപവത്കരണം നടക്കുന്നുണ്ട്. ഇന്നലെ കെ സുധാകരൻ എം പി മരണപ്പെട്ട കരാറുകാരന്റെ വീട്ടിലെത്തിയിരുന്നു.

അന്വേഷണത്തിന് കെ പി സി സി മൂന്നംഗ സമിതി

കണ്ണൂർ: ചെറുപുഴയിൽ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കെ പി സി സി മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കെ പി സി സി ജനറൽ സെക്രട്ടറിമാരായ വി എ നാരായണൻ, കെ പി അനിൽ കുമാർ, കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ധിഖ് എന്നിവരാണ് സമിതി അംഗങ്ങൾ.

സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് കെ പി സി സിക്ക് കൈമാറണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ നിർദേശം നൽകി.