പാലാ പ്രതിസന്ധി വോട്ടാക്കാൻ എൽ ഡി എഫ്

Posted on: September 9, 2019 4:20 pm | Last updated: September 9, 2019 at 4:20 pm

തിരുവനന്തപുരം: പാലായിലെ യു ഡി എഫ് പ്രതിസന്ധി രാഷ്ട്രീയ നേട്ടമാക്കാൻ എൽ ഡി എഫിന്റെയും പ്രത്യേകിച്ച് സി പി എമ്മിന്റെയും ശ്രമം. ഇനി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ പാലായിലെ പ്രതിസന്ധി രാഷ്ട്രീയ നേട്ടമാക്കുന്നതിനുളള തന്ത്രങ്ങളാണ് സി പി എം ആവിഷ്‌ക്കരിക്കുന്നത്.
യു ഡി എഫിൽ തുടരുമെന്ന് പി ജെ ജോസഫ് ആവർത്തിക്കുന്നുവെങ്കിലും കേരള കോൺഗ്രസിലുടലെടുത്തിരിക്കുന്ന പ്രതിസന്ധി പാലാ ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുകയാണെങ്കിൽ അത് പരമാവധി മുതലെടുക്കുന്നതിനായിരിക്കും എൽ ഡി എഫിന്റെ നീക്കം. ആത്മാഭിമാനമുണ്ടെങ്കിൽ പി ജെ ജോസഫ് യു ഡി എഫ് വിടണമെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇതിന് തെളിവാണ്.

സി പി എം പാലായിലെ യു ഡി എഫ് പ്രതിസന്ധി സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. പി ജെ ജോസഫ് യു ഡി എഫ് വിട്ടു വരുന്നെങ്കിൽ എൽ ഡി എഫിലേക്ക് സ്വാഗതം ചെയ്യുന്നതിൽ മറ്റ് കക്ഷികൾക്കും എതിരഭിപ്രായമില്ലെന്നാണ് അറിയുന്നത്. മധ്യ തിരുവിതാംകൂറിൽ പ്രത്യേകിച്ചും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽ പി ജെ ജോസഫിന്റെ വരവോടെ നേട്ടമുണ്ടാക്കാമെന്ന് കരുതുന്നവരും സി പി എമ്മിലുണ്ട്.
പാലാ തിരഞ്ഞെടുപ്പിൽ യു ഡി എഫിലുണ്ടായ ഭിന്നത ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ മറ്റ് അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ നേരിടാൻ എൽ ഡി എഫ് ഒരുങ്ങിക്കഴിഞ്ഞു. വട്ടിയൂർകാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പിനായുളള പ്രാരംഭ പ്രവർത്തനങ്ങൾ എൽ ഡി എഫ് ആരംഭിച്ചിട്ടുണ്ട്.

പി ജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ കേരള കോൺഗ്രസിൽ നടത്തുന്ന കലാപങ്ങൾ എങ്ങനെ എൽ ഡി എഫിന് ഗുണകരമാക്കാമെന്ന ചിന്തയിലാണ് സി പി എം നേതൃത്വം. സംസ്ഥാനത്ത് അഞ്ചിടത്താണ് ഉപതിരഞ്ഞെടുപ്പ് വരുന്നത്. ഇതിൽ അരൂർ മാത്രമാണ് എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റ്. അരൂരിന് പുറമേ യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞാൽ അത് എൽ ഡി എഫിന് രാഷ്ട്രീയ നേട്ടമാകും. മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ നിന്നുളള മാറ്റവുമാകും പാലായും ഇനി നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും. ഫലം സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമെന്നതിനാലാണ് എൽ ഡി എഫ് ഏറെ ജാഗ്രതയോടെ ഉപതിരഞ്ഞെടുപ്പുകളെ വീക്ഷിക്കുന്നത്.
യു ഡി എഫ് തങ്ങളെ നാണം കെടുത്തി എന്ന അടക്കം പറച്ചിൽ പി ജെ ജോസഫ് വിഭാഗത്തിനുളളിലുണ്ട്.
ജോസ് കെ മാണി വിഭാഗവുമായി നിലവിൽ യോജിച്ച് പ്രവർത്തിക്കാനുളള സാഹചര്യം തങ്ങൾക്കില്ലെന്ന് പി ജെ ജോസഫ് വിഭാഗം ആവർത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ പാലായിലെ യു ഡി എഫ് സ്ഥാനാർഥിയുടെ വിജയം എളുപ്പമാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.