ഫോൺ കണ്ടെത്താനാകാതെ കുഴങ്ങി പ്രത്യേക അന്വേഷണ സംഘം

Posted on: September 9, 2019 4:13 pm | Last updated: September 9, 2019 at 4:13 pm


തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് ഓടിച്ചിരുന്ന കാറിടിച്ച് കൊലപ്പെട്ട സിറാജ് യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ കാണാതായ സ്മാർട്ട് ഫോൺ ഇനിയും കണ്ടെടുക്കാനാകാത്തത് അന്വേഷണത്തിന് തിരിച്ചടിയാകുന്നു.

അപകടത്തിന് ശേഷം ബഷീറിന്റെ ഔദ്യോഗിക ഫോൺ മാത്രമാണ് കണ്ടെടുക്കാനായത്. ബഷീർ ഉപയോഗിച്ചിരുന്ന സ്മാർട്ട് ഫോൺ ഇനിയും കണ്ടെത്താനാകാത്തതിൽ കുഴങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. ഫോണിന്റെ ഐ എം ഇ ഐ നമ്പർ ഉപയോഗിച്ച് അപകട ദിവസം ബഷീർ സഞ്ചരിച്ചിരുന്ന വഴികൾ തിരിച്ചറിഞ്ഞുവെങ്കിലും അന്വേഷണത്തിന്റെ പുരോഗതിക്ക് ഫോൺ കണ്ടെത്തിയാൽ മാത്രമേ സാധിക്കൂ. അപകടം ബോധപൂർവമാണെന്ന വാദവും ഇടക്ക് ഉയർന്നു വന്നിരുന്നു. എന്നാൽ ഈ വാദമടക്കം പരിശോധിക്കണമെങ്കിൽ ബഷീറിന്റെ ഫോൺ പരിശോധിക്കേണ്ടത് ആവശ്യമാണ്. അന്വേഷണത്തിന്റെ ഭാഗമായി, കാണാതായ മൊബൈലിലെ കോൾ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
ഇതിനിടെ പരിശോധനാ റിപ്പോർട്ട് എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിനും ഫോക്‌സ്‌വാഗൺ കമ്പനിക്കും നൽകിയ കത്തിനോട് കമ്പനി പ്രതികരിച്ചു. ഈ ആഴ്ച തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. പ്രത്യേക സംഘത്തിന്റെ ആവശ്യപ്രകാരമാണ് പുണെയിൽ നിന്നും ഫോക്സ് വാഗൺ കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധർ തിരുവനന്തപുരത്തെത്തി കാറിന്റെ പരിശോധന നടത്തിയത്. അപകടത്തിൽ പെടുമ്പോൾ കാറിന്റെ വേഗതയുൾപ്പെടെ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിലുള്ള പരിശോധന. വാഹനത്തിൽ നിന്ന് ശേഖരിച്ച ഡിജിറ്റൽ വിവരങ്ങളടക്കമുള്ളവ പുണെയിലെ ലാബിലും തുടർന്ന് കമ്പനിയിലെ ജർമ്മനിയുടെ ആസ്ഥാനത്തേക്കും പരിശോധനക്കായി അയച്ചിരുന്നു.