Connect with us

National

ഉദ്യോഗസ്ഥന്മാര്‍ തെറ്റൊന്നും ചെയ്തിട്ടില്ല; തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നറിയില്ല: ട്വീറ്റുമായി ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ കേസില്‍ ഉദ്യോഗസ്ഥ മേധാവികള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അവര്‍ അറസ്റ്റ് ചെയ്യപ്പെടണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി പി ചിദംബരത്തിന്റെ ട്വീറ്റ്. തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് ഇതേവരെ മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരം ബന്ധുക്കള്‍ മുഖാന്തിരമാണ് ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്. ഇംഗ്ലീഷിലും ഹിന്ദിയിലുമായി രണ്ട് ട്വീറ്റുകളാണ് പുറത്തുവന്നത്.

“ഐ എന്‍ എക്‌സ് മീഡിയ കേസിലേക്ക് വഴിതെളിച്ച കാര്യങ്ങള്‍ മുന്നോട്ടുവെക്കുകയും ശിപാര്‍ശ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥ മേധാവികളെ അറസ്റ്റ് ചെയ്യാത്തതും നിങ്ങളെ മാത്രം അറസ്റ്റ് ചെയ്തതും എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ ചോദിക്കുന്നു. അവസാനമായി ഒപ്പിട്ടത് നിങ്ങളാണെന്നതു കൊണ്ടാണോ അധികൃതര്‍ ഇങ്ങിനെ ചെയ്തതെന്ന ചോദ്യവും അവര്‍ ഉന്നയിക്കുന്നു-ട്വീറ്റുകളിലൊന്നില്‍ പറഞ്ഞു. “ഒരുദ്യോഗസ്ഥനും തെറ്റൊന്നും ചെയ്തിട്ടില്ല. ആരും അറസ്റ്റ് ചെയ്യപ്പെടണമെന്ന് തനിക്ക് താത്പര്യവുമില്ല.”-രണ്ടാമത്തെ പോസ്റ്റില്‍ ചിദംബരം വ്യക്തമാക്കി.

ഈമാസം അഞ്ചിനാണ് ഐ എന്‍ എക്‌സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ ചിദംബരത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഡല്‍ഹി കോടതി ഉത്തരവായത്. 15 ദിവസം സി ബി ഐ കസ്റ്റഡിയില്‍ കഴിഞ്ഞ അദ്ദേഹം ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി നിരസിക്കുകയായിരുന്നു.

2007ല്‍ ചിദംബരം ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് ഐ എന്‍ എക്‌സ് മീഡിയക്ക് 305 കോടിയുടെ വിദേശ നിക്ഷേപം ലഭിക്കുന്നതിനായി വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡിന്റെ (എഫ് ഐ പി ബി) ക്ലിയറന്‍സ് ലഭ്യമാക്കിയതുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടുകളെ കുറിച്ചാണ് സി ബി ഐ അന്വേഷണം. 2017 മെയ് 15നാണ് അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തത്. എഫ് ഐ പി ബിയുടെ ക്ലിയറന്‍സ് ലഭിക്കുന്നതിന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി ആരോപിച്ച് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, ഐ എന്‍ എക്‌സ് മീഡിയ സഹസ്ഥാപകരായ പീറ്റര്‍ മുക്കര്‍ജി, ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ദ്രാണി മുക്കര്‍ജി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിലെ കള്ളപ്പണ ഇടപാടിനെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.