Connect with us

Malappuram

ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാൻ പുതിയ മാതൃക; പെട്ടിപ്പാട്ടും കുറിക്കല്യാണവും നടത്തി യുവാക്കൾ

Published

|

Last Updated

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്താൻ പൂങ്ങോട്ട് നടത്തിയ കുറിക്കല്യാണം

കാളികാവ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കണ്ടെത്താൻ വേറിട്ട പ്രവർത്തനങ്ങളുമായി പൂങ്ങോട് ഗ്രാമം. അന്യം നിന്നുപോയ കുറിക്കല്യാണം പുനരാവിഷ്‌കരിച്ച് പൂങ്ങോട്ടിലെ ഒരു പറ്റം യുവാക്കൾ മാതൃകയായി.

പൂങ്ങോട് പഴയ കാലത്ത് പ്രവർത്തിച്ചിരുന്ന ചായ മക്കാനി ഇതിനായി പുനർ നിർമിച്ചു. പഴമയുടെ നേർക്കാഴ്ച ഒരുക്കുന്നതിന് പെട്ടിപ്പാട്ടും റേഡിയോയും പെട്രോ മാക്‌സും ഒരുക്കിയിരുന്നു. നാൽപ്പത് വർഷങ്ങൾക്ക് മുമ്പുള്ള സിനിമാ പോസ്റ്ററുകളും മക്കാനിയിൽ യുവാക്കൾ ഒരുക്കിയിരുന്നു. കുറിക്കല്ല്യാണത്തിൽ പങ്കെടുക്കുന്നവർക്ക് പൊറാട്ടയും ചായയും സൗജന്യമായി നൽകി. കുറിക്കല്യാണത്തിൽ പങ്കെടുക്കുന്നവരുടെ പേരും നൽകുന്ന സംഖ്യയും രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്.

കുറിക്കല്യാണത്തിൽ പങ്കെടുക്കുന്നതിന് നേരത്തെ ക്ഷണക്കത്ത് വിതരണം ചെയ്തിരുന്നു. പ്രായമായവരും യുവാക്കളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ദുരിതാശ്വാസ കുറിക്കല്ല്യാണത്തിനിൽപങ്കെടുത്തു. പുതിയ തലമുറക്ക് കുറിക്കല്യാണം വേറിട്ട അനുഭവം തന്നെയായിരുന്നു. പെട്ടിപ്പാട്ടും ചായ മക്കാനിയും റേഡിയോയും പെട്രോമാക്‌സും എല്ലാം വളരെ കൗതുകത്തോടെയാണ് പുതിയ തലമുറ നോക്കിക്കണ്ടത്. സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും കാരുണ്യത്തിന്റെയും നാട്ടു നന്മ വിളിച്ചോതുന്നതായിരുന്നു കുറിക്കല്ല്യാണം. പ്രദേശത്തെ മുതിർന്ന അംഗം വി പി അബ്ദുർറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. എം കെ പ്രസാദ്, എം കെ നാസർ, പൂളക്കൽ ഫൈസൽ, ടി നസീത്, പി എം എ വഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.