Connect with us

Kozhikode

ജോലി സ്ഥിരതയില്ലാതെ പാലിയേറ്റീവ് നഴ്‌സുമാർ

Published

|

Last Updated

കോഴിക്കോട്: ജോലിഭാരം വർധിക്കുമ്പോഴും ശമ്പള വർധനവോ മറ്റാനുകൂല്യങ്ങളോ ഇല്ലാതെ പാലിയേറ്റീവ് നഴ്‌സുമാർ. അർബുദം, ശ്വാസകോശ പ്രശ്‌നം, പക്ഷാഘാതം, അപസ്മാരം, വൃക്കകളുടെ പ്രവർത്തനം തകരാറിലായവർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്കെല്ലാം വീടുകളിലെത്തി ചികിത്സയൊരുക്കുന്ന ഈ നഴ്‌സുമാർക്ക് ശമ്പളം വൈകുന്ന സാഹചര്യവുമുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ കീഴിലാണ് പാലിയേറ്റീവ് നഴ്‌സുമാരെ നിയമിക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരു പാലിയേറ്റീവ് നഴ്‌സാണുള്ളത്. കോർപറേഷനിലാണെങ്കിൽ നാല് പേരുണ്ടാകും. എന്നാൽ നിലവിൽ മൂന്ന് പേർ മാത്രമാണുള്ളത്. 15,000 രൂപയാണ് ശമ്പളം. 2008ൽ പാലിയേറ്റീവ് നയം രൂപവത്കരിച്ചതിനെ തുടർന്നാണ് 2010-11 കാലയളവിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പാലിയേറ്റീവ് നഴ്‌സുമാരെ നിയമിച്ചത്.

കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് തുടക്കത്തിൽ 3,000 രൂപയായിരുന്നു ശമ്പളം. നിരന്തര അഭ്യർഥനയെ തുടർന്നാണ് 15,000 രൂപയിലെത്തിയത്. എന്നാൽ ആഴ്ചയിലൊരു ദിവസം മാത്രം അവധിയുള്ള ഇവർക്ക് മിക്ക ദിവസങ്ങളിലും രാവിലെ വന്നാൽ വളരെ വൈകി മാത്രമേ വീട്ടിൽ പോകാൻ സാധിക്കുകയുള്ളൂ. ഹോം കെയർ രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ജോലി ഭാരവും വർധിച്ചു കൊണ്ടിരിക്കും. ഇതിനാൽ കടുത്ത മാനസിക സമ്മർദവും ഇവർ അനുഭവിക്കുന്നുണ്ട്. ഓരോ രോഗിയുമായി ബന്ധപ്പെട്ട രേഖകൾ എഴുതി സൂക്ഷിക്കേണ്ടതുണ്ട്. പ്രതിദിനം എട്ട് രോഗികളെ കാണണമെന്നാണ് വ്യവസ്ഥയെങ്കിലും സമയം വൈകുന്നതിനാൽ പലപ്പോഴും ഇത് പാലിക്കാനാകാറില്ല. നാട്ടിൻപുറങ്ങളിലും മറ്റും വീടുകൾ തോറും നടന്നെത്തുമ്പോൾ സമയം ഏറെ വൈകും.

ആഴ്ചയിൽ നാല് ദിവസവും വീടുകളിലെത്തിയുള്ള പരിചരണമാണ്. രണ്ട് ദിവസം ഒ പിയിലും ഹോം കെയറിന് ആവശ്യമായ കിറ്റ് തയ്യാറാക്കലുമാണ് ജോലി. ആഴ്ചയിലൊരു ദിവസം മാത്രമാണ് അവധി. അധികം അവധിയെടുത്താൽ ആ ദിവസത്തെ വേതനം മുടങ്ങും.
ജോലിസ്ഥിരതയില്ലാത്തതിനാൽ പലപ്പോഴും പിരിച്ചുവിടൽ ഭീഷണിയിലാണ് ഈ വിഭാഗം. പുതുതായി എത്തുന്നവർക്കും വർഷങ്ങളായി ജോലി ചെയ്യുന്നവർക്കും ഒരേ വേതനമാണ് നൽകിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്ക് സാന്ത്വനമായി എത്തുന്ന ഇത്തരം നഴ്‌സുമാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

Latest