മോട്ടോർ വാഹന വകുപ്പിന്റെ 140 ക്യാമറകൾ പ്രവർത്തനരഹിതം

Posted on: September 9, 2019 3:49 pm | Last updated: September 9, 2019 at 3:49 pm

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ 140 ക്യാമറകൾ പ്രവർത്തന രഹിതം. കാസർകോട് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം കവടിയാർ വരെ 240 നിരീക്ഷണ ക്യാമറകളാണ് മോട്ടോർ വാഹന വകുപ്പിന്റേതായി ഉള്ളത്. ക്യാമറകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താനുള്ള ചുമതല കെൽട്രോണിനാണ്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന് അതിന്റെ പരിമിതികൾ ഉള്ളതിനാൽ കൃത്യമായി ക്യാമറകളുടെ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗതയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലും പ്രധാന തെളിവുകൾ ശേഖരിക്കാൻ കഴിയാഞ്ഞത് പല നിരീക്ഷണ ക്യാമറകളും പ്രവർത്തന രഹിതമായതിനെ തുടർന്നായിരുന്നു.

അമിത വേഗത, ട്രാഫിക് സിഗ്നലുകൾ പാലിക്കാതിരിക്കുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ മോണിറ്റർ ചെയ്യുന്നതിലും വകുപ്പ് വീഴ്ച വരുത്തുന്നുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന ക്യാമറകൾ ഉപയോഗിച്ച് നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാലും അതിൽ പിഴയീടാക്കി നോട്ടീസ് അയക്കുന്നതിലും വകുപ്പ് വീഴ്ച വരുത്തുന്നു. വാഹന ഉടമക്ക് നോട്ടീസ് ലഭിക്കുന്നത് മാസങ്ങൾ കഴിഞ്ഞാണ്. ചിലപ്പോൾ അത് വർഷങ്ങൾ വരെയെടുക്കും.
നോട്ടീസ് ലഭിച്ചാലുടൻ പിഴയടക്കുന്നതിന് പലരും തയ്യാറാവില്ല. പിഴയടക്കാതിരുന്നാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണം. ഇത് കോടതി വഴിയാണ് ചെയ്യേണ്ടത്. എന്നാൽ ബന്ധപ്പെട്ട ഫയലുകൾ നീക്കുന്നതിൽ വകുപ്പിലെ ഉദ്യോഗസ്ഥർ നിരന്തര വീഴ്ച വരുത്തുന്നു.
നിയമലംഘനം കണ്ടുപിടിച്ചാൽ അക്കാര്യം വാഹന ഉടമയെ എസ് എം എസ് വഴി അറിയിക്കണമെന്ന ശിപാർശ നിലവിലുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. സിഗ്നലുകളും ട്രാഫിക് നിർദേശങ്ങളും പാലിക്കുന്നതിനുള്ള ബോർഡുകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കണമെന്ന നിർദേശവും വകുപ്പ് കാറ്റിൽ പറത്തി.

രാത്രികാലങ്ങളിൽ ക്യാമറകൾ യഥാസമയം പ്രവർത്തിക്കണമെങ്കിൽ തെരുവ് വിളക്കുകൾ കത്തണം. എന്നാൽ തെരുവ് വിളക്കുകൾ കത്തിക്കുന്നതിൽ വൈദ്യുത ബോർഡിന്റെ ഭാഗത്തുനിന്ന് നിരന്തര വീഴ്ചയാണുണ്ടാകുന്നതെന്നും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു.

വാഹനാപകടങ്ങൾ ഉണ്ടാകാതെ നോക്കുന്നതിന് റോഡ് സുരക്ഷാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പോലീസും മോട്ടോർ വാഹന വകുപ്പും തമ്മിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നു നിർദേശമുണ്ടെങ്കിലും ഏകോപന യോഗങ്ങൾ ചേരാറില്ല.