മൂന്നാറില്‍ ജീപ്പില്‍ നിന്നും തെറിച്ച വീണ ഒന്നര വയസുകാരന്റെ അത്ഭുത രക്ഷപ്പെടല്‍

Posted on: September 9, 2019 11:44 am | Last updated: September 9, 2019 at 3:14 pm

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ യാത്രക്കിടെ ജീപ്പില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ പിഞ്ചുകുഞ്ഞിന്റെ അത്ഭുത രക്ഷപ്പെടല്‍.
രാജമല ചെക്ക്‌പോസ്റ്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ചെക്ക്‌പോസ്റ്റിന് സമീപത്തെ വളവ് തിരിയുന്നതിനിടെയാണ് കമ്പിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസുള്ള കുഞ്ഞ് ജീപ്പില്‍ നിന്ന് റോഡിലേക്ക് വീഴുകയായിരുന്നു. അമ്മയുടെ മടിയിലായിരുന്നു കുഞ്ഞ്. പഴനിയില്‍ നിന്ന് തീര്‍ഥാടം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. എന്നാല്‍ മഴക്കത്തിനിടെ കുഞ്ഞ് റോഡില്‍ വീണത് അമ്മ അറിഞ്ഞില്ല.

എന്നാല്‍ നിലത്തുവീണ കുഞ്ഞിന് കാര്യമായ പരുക്കൊന്നും സംഭവിച്ചില്ല. മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ച ജീപ്പ് മുന്നോട്ട് പോയെങ്കിലും ചെക്ക്‌പോസ്റ്റിന് സമീപത്തെ വെളിച്ചം കണ്ട ഒന്നര വയസ്സുള്ള കുഞ്ഞ് അവിടേക്ക് ഇഴഞ്ഞെത്തുകയായിരുന്നു. സി സി ടിവിയില്‍ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. റോഡില്‍ വീണെങ്കിലും കുഞ്ഞിന് കാര്യമായ പരുക്കൊന്നും സംഭവിച്ചില്ലെന്നതും ആശ്വാസമായി.