കൈയിട്ട് വാരാനുള്ളതല്ല കരുതല്‍ ധനം

1991ല്‍ സാമ്പത്തിക പരിഷ്‌കരണത്തിന് വേഗം കൂട്ടാന്‍ നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും തീരുമാനിക്കുമ്പോള്‍ രാജ്യം പാപ്പരായിരുന്നു. റിസര്‍വ് ബേങ്കിന്റെ പക്കലുണ്ടായിരുന്ന സ്വര്‍ണത്തില്‍ വലിയൊരു പങ്ക് ലണ്ടനില്‍ കൊണ്ടുപോയി പണയം വെച്ചായിരുന്നു നിത്യനിദാനം. വിദേശ നാണ്യ ശേഖരം ഏതാണ്ട് ശൂന്യം. അതുകൊണ്ട് തന്നെ രൂപക്ക് വിലയില്ല. എന്നിട്ടും റിസര്‍വ് ബേങ്ക് കരുതല്‍ ധനമായി വെച്ചിരുന്ന കറന്‍സിയിലേക്ക് കണ്ണെറിയാന്‍ റാവുവും സിംഗും തയ്യാറായില്ല. അവ്വിധമുള്ള പ്രതിസന്ധി ഇപ്പോള്‍ രാജ്യത്തില്ല, അവിടേക്ക് സഞ്ചരിക്കുകയാണോ എന്ന ശങ്ക ശക്തമാണ് താനും. അപ്പോഴേക്കും റിസര്‍വ് ബേങ്കിന്റെ കരുതല്‍ ധനത്തില്‍ കൈവെക്കാന്‍ മടി കാണിക്കുന്നില്ലെങ്കില്‍ അതല്ലാതെ മറ്റൊന്നും ആലോചിക്കാനുള്ള ശേഷി ഇവര്‍ക്കില്ല എന്ന് തന്നെയാണ് അര്‍ഥം. സര്‍ക്കാറിലെ നിയമനങ്ങള്‍ കുറവ്, ആധുനികവത്കരണത്തോടെ ഇല്ലാതാകുന്ന തസ്തികകള്‍ ധാരാളം, വിവര സാങ്കേതിക വിദ്യയുടെ വികാസത്തോടെ ആശയവിനിമയ രംഗത്തുണ്ടായ മാറ്റങ്ങള്‍ വഴിയുണ്ടാകുന്ന ധനലാഭം വേറെ, അസംസ്‌കൃത എണ്ണക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ തോതില്‍ വില കൂടുന്നില്ല തുടങ്ങി അനുകൂല സാഹചര്യങ്ങള്‍ പലതുണ്ടായിട്ടും സര്‍ക്കാറിന്റെ ചെലവ് കുറക്കാനോ വികസന പദ്ധതികളിലേക്ക് വേണ്ട വിധം പണമൊഴുക്കാനോ സര്‍ക്കാറിന് സാധിക്കുന്നില്ല.
Posted on: September 9, 2019 12:16 pm | Last updated: September 9, 2019 at 12:49 pm

റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ കരുതല്‍ ധനമായി സൂക്ഷിച്ചിരിക്കുന്ന തുകയില്‍ നിന്ന് ചെറുതല്ലാത്ത പങ്ക് സര്‍ക്കാര്‍ ട്രഷറിയിലേക്ക് മാറ്റിയും പൊതുമേഖലാ ബേങ്കുകളില്‍ പലതിനെയും ലയിപ്പിച്ചും വിപണിയിലേക്കുള്ള പണമൊഴുക്ക് വര്‍ധിപ്പിക്കാനാകുമെന്നും അതുവഴി സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റാനാകുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാറിന് മുന്നിലുള്ള ഏക മാര്‍ഗം ഇത് മാത്രമാണ്. മാന്ദ്യത്തെ നേരിടാന്‍ ഇതിനപ്പുറത്ത് എന്തെങ്കിലും ചെയ്യാനാകുമെന്ന് അവര്‍ കരുതുന്നില്ല. അതിനുള്ള ഭാവനാശേഷി നിര്‍മല സീതാരാമന്‍ നയിക്കുന്ന ധനമന്ത്രാലയത്തിനോ നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിനോ ഇല്ല.

റിസര്‍വ് ബേങ്ക് കരുതല്‍ ശേഖരമാക്കിയ ധനത്തില്‍ കൈവെക്കാനുള്ള ശ്രമം 2014ല്‍ അധികാരമേറ്റ നാള്‍ മുതല്‍ തുടങ്ങിയിരുന്നു ബി ജെ പി. ഇത്രയും പണം കരുതലായി വേണ്ടതില്ലെന്നും അതിലൊരു വിഹിതം വികസന പദ്ധതികളിലേക്ക് നിക്ഷേപിക്കാന്‍ പാകത്തില്‍ കേന്ദ്ര ഖജനാവിലേക്ക് നല്‍കണമെന്നുമായിരുന്നു ആവശ്യം. കരുതലില്‍ വലിയൊരു പങ്ക് സ്വര്‍ണമായിട്ടാണെന്നും പണമായുള്ളത് കുറവാണെന്നും അതെടുത്ത് ചെലവാക്കാന്‍ തുടങ്ങിയാല്‍ വിത്തുകുത്തി ഉണ്ണുന്നതു പോലെയാകുമെന്നും റിസര്‍വ് ബേങ്കിന്റെ മുന്‍കാല ഗവര്‍ണര്‍മാര്‍ ഉത്തരീയം അരയില്‍ക്കെട്ടി നിന്ന് ബോധിപ്പിച്ചു. അധികാരിക്കത്ര ബോധിച്ചില്ലെങ്കിലും പഞ്ഞം വന്നാല്‍ പ്രജകള്‍ക്ക് മാത്രമല്ലല്ലോ ദുരിതമെന്നോര്‍ത്ത് അനുവദിച്ചു.

അധികാരത്തിലേക്കുള്ള രണ്ടാമൂഴത്തിന് മുമ്പ് പരിപാടികള്‍ ആഘോഷമാക്കുന്നതിന് സംഭാവന പിരിക്കാന്‍ തുടങ്ങിയപ്പോഴും ആദ്യം ഉന്നമിട്ടത് റിസര്‍വ് ബേങ്കിനെ തന്നെ. അന്നത്തെ എതിര്‍പ്പ് പക്ഷേ, ഉത്തരീയം അരയില്‍ക്കെട്ടി കുനിഞ്ഞു നിന്നായിരുന്നില്ല. റിസര്‍വ് ബേങ്കിന്റെ സ്വയംഭരണാധികാരത്തില്‍ കൈ കടത്താന്‍ ഇനിയും ശ്രമിക്കരുതെന്നും ധനനയം നിശ്ചയിക്കാനുള്ള അധികാരം പിടിച്ചെടുത്തതു തന്നെ മോശമായിപ്പോയെന്നുമൊക്കെ ഉപ ഗവര്‍ണര്‍ പ്രസംഗിച്ചു നടന്നു. സ്വതന്ത്രാധികാരമുള്ള യാതൊന്നും തങ്ങളധികാരത്തിലിരിക്കുമ്പോള്‍ പാടില്ലെന്ന് ശഠിക്കുന്നവരോട് സ്വാതന്ത്ര്യത്തില്‍ കൈവെക്കരുതെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് ഉപ ഗവര്‍ണര്‍ക്ക് മനസ്സിലായില്ല. മൂന്ന് ലക്ഷം കോടി രൂപ ഉടന്‍ ഖജനാവിലടച്ച് രശീതി വാങ്ങാന്‍ ഉടന്‍ ഉത്തരവുവന്നു. ഗവര്‍ണര്‍ സ്ഥാനം പോയാലും സ്വാതന്ത്ര്യം പണയപ്പെടുത്തില്ലെന്ന് ഊര്‍ജിത് പട്ടേല്‍ നിലപാടെടുത്തു. പണം തരാനാകില്ലെന്ന് രേഖാമൂലം അറിയിച്ചതിന് പിറകെ രാജിയും നല്‍കി.

കരുതല്‍ ശേഖരത്തില്‍ കൈ വെക്കണമെന്ന മോഹം ഇക്കുറി സാധിച്ചേ അടങ്ങൂവെന്ന് രണ്ടാമൂഴത്തില്‍ തീരുമാനിച്ചതാണ്. അതാണ് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്റെ സഹായത്തോടെ ഇപ്പോള്‍ സാധിച്ചിരിക്കുന്നത്. 1.76 ലക്ഷം കോടി രൂപ ട്രഷറിയിലടച്ച് കേന്ദ്ര ബേങ്കിന്റെ പുതിയ ഗവര്‍ണര്‍ ചാരിതാര്‍ഥ്യത്തോടെ കൈകള്‍ തുടച്ച് നില്‍ക്കുകയാണ്. സ്വയം ഭരണാധികാരം നഷ്ടപ്പെടുന്നതൊന്നും അദ്ദേഹത്തെ സംബന്ധിച്ചൊരു പ്രശ്‌നമേയല്ല. കമ്മട്ടം കൈവശമുള്ളപ്പോള്‍ കരുതല്‍ ശേഖരത്തിലേക്ക് കറന്‍സി കൂട്ടാനാണോ പ്രയാസമെന്ന് ആലോചിക്കുന്നുണ്ടാകും വിദ്വാന്‍!
1991ല്‍ സാമ്പത്തിക പരിഷ്‌കരണത്തിന് വേഗം കൂട്ടാന്‍ നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും തീരുമാനിക്കുമ്പോള്‍ രാജ്യം പാപ്പരായിരുന്നു. റിസര്‍വ് ബേങ്കിന്റെ പക്കലുണ്ടായിരുന്ന സ്വര്‍ണത്തില്‍ വലിയൊരു പങ്ക് ലണ്ടനില്‍ കൊണ്ടുപോയി പണയം വെച്ചായിരുന്നു നിത്യനിദാനം. വിദേശ നാണ്യ ശേഖരം ഏതാണ്ട് ശൂന്യം. അതുകൊണ്ട് തന്നെ രൂപക്ക് വിലയില്ല. എന്നിട്ടും റിസര്‍വ് ബേങ്ക് കരുതല്‍ ധനമായി വെച്ചിരുന്ന കറന്‍സിയിലേക്ക് കണ്ണെറിയാന്‍ റാവുവും സിംഗും തയ്യാറായില്ല. അവ്വിധമുള്ള പ്രതിസന്ധി ഇപ്പോള്‍ രാജ്യത്തില്ല, അവിടേക്ക് സഞ്ചരിക്കുകയാണോ എന്ന ശങ്ക ശക്തമാണ് താനും. അപ്പോഴേക്കും റിസര്‍വ് ബേങ്കിന്റെ കരുതല്‍ ധനത്തില്‍ കൈവെക്കാന്‍ മടി കാണിക്കുന്നില്ലെങ്കില്‍ അതല്ലാതെ മറ്റൊന്നും ആലോചിക്കാനുള്ള ശേഷി ഇവര്‍ക്കില്ല എന്ന് തന്നെയാണ് അര്‍ഥം.

സര്‍ക്കാറിലെ നിയമനങ്ങള്‍ കുറവ്, ആധുനികവത്കരണത്തോടെ ഇല്ലാതാകുന്ന തസ്തികകള്‍ ധാരാളം, വിവര സാങ്കേതിക വിദ്യയുടെ വികാസത്തോടെ ആശയവിനിമയ രംഗത്തുണ്ടായ മാറ്റങ്ങള്‍ വഴിയുണ്ടാകുന്ന ധനലാഭം വേറെ, അസംസ്‌കൃത എണ്ണക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ തോതില്‍ വില കൂടുന്നില്ല തുടങ്ങി അനുകൂല സാഹചര്യങ്ങള്‍ പലതുണ്ടായിട്ടും സര്‍ക്കാറിന്റെ ചെലവ് കുറക്കാനോ വികസന പദ്ധതികളിലേക്ക് വേണ്ട വിധം പണമൊഴുക്കാനോ സര്‍ക്കാറിന് സാധിക്കുന്നില്ല. എന്നിട്ടും ധനക്കമ്മി ഓരോ കൊല്ലവും ഉയര്‍ന്ന് തന്നെ നില്‍ക്കുകയും ചെയ്യുന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് “സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ നടത്തിയെന്ന് ഞെളിഞ്ഞു നിന്ന് പറഞ്ഞവര്‍ക്കൊന്നും ഗ്രാമീണ – കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ അതുണ്ടാക്കിയ ആഘാതം ഏത് വിധത്തില്‍ പരിഹരിക്കണമെന്ന് പറഞ്ഞു കൊടുക്കാനാകുന്നില്ല. അന്ന് ജനത്തിന്റെ വാങ്ങല്‍ ശേഷി കുറഞ്ഞതാണ് ഇപ്പോഴത്തെ മാന്ദ്യത്തിന് അടിസ്ഥാനമെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ വസ്തുവിവരക്കണക്ക് സഹിതം റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

അധികാരമില്ലാത്തവന്റെ റിപ്പോര്‍ട്ടിനേക്കാള്‍ വലുത് അധികാരമുള്ളവന്റെ വങ്കത്തമാണെന്നാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. അതിനാല്‍ റിപ്പോര്‍ട്ട് തള്ളിക്കളയാം.
2014ല്‍ അധികാരമേറ്റയുടന്‍ ചെയ്തത് പഞ്ചവത്സര പദ്ധതി ഇല്ലാതാക്കലും ആസൂത്രണക്കമ്മീഷനെ പിരിച്ചുവിടലുമായിരുന്നു. കൊല്ലം കൊല്ലം ആസൂത്രണം, കൊല്ലം കൊല്ലം പദ്ധതി നടത്തിപ്പ് എന്നതായിരുന്നു ചിന്ത. അതിനായിരുന്നു നീതി ആയോഗ്. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ നീതി ആയോഗ് സവിശേഷമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയെന്തെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതിയുമുണ്ടായിരുന്നപ്പോള്‍ വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചെലവിടാന്‍ പോകുന്ന തുകയെക്കുറിച്ചുള്ള ധാരണ സൃഷ്ടിക്കപ്പെടുമായിരുന്നു. ഈ ധാരണ വിപണിക്ക് നല്‍കിയിരുന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. അത് അനുബന്ധ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്തിയിരുന്ന സ്വകാര്യ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കിയിരുന്ന പ്രതീക്ഷയും ചെറുതായിരുന്നില്ല. അത്തരം ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷകളുടെയും അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തിയവരാണ് ആഭ്യന്തര വിപണി വിപുലീകരിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത്. അങ്ങനെ വികസിച്ചുവന്ന വിപണി കണ്ടാണ് നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ വിദേശ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതും അവിടെ നിന്നുള്ള നിക്ഷേപകര്‍ ഇന്ത്യയിലെത്തിയതും.

ആറ് വര്‍ഷം പിന്നിട്ട നരേന്ദ്ര മോദി ഭരണത്തില്‍ ആഭ്യന്തര നിക്ഷേപകര്‍ ഏതാണ്ട് പൂര്‍ണമായും തളര്‍ന്നിരിക്കുന്നു. അംബാനിയോ അദാനിയോ മാത്രം വളര്‍ന്നിട്ടുണ്ടാകാം. ആഭ്യന്തര നിക്ഷേപകര്‍ തളര്‍ന്നതോടെ വിദേശ നിക്ഷേപകരുടെ താത്പര്യം കുറഞ്ഞു. ഈ അവസ്ഥക്ക് പരിഹാരം കാണാനുള്ള പൊടിക്കൈയാണ് റിസര്‍വ് ബേങ്കിന്റെ കരുതല്‍ ധനം കൈവശപ്പെടുത്തലും പൊതുമേഖലാ ബേങ്കുകളുടെ ലയനവും. റിസര്‍വ് ബേങ്ക് കൈമാറിയ 1.76 ലക്ഷം കോടി രൂപ വിവിധ പദ്ധതികളിലൂടെ വിപണിയിലേക്കെത്തിക്കാനാകും സര്‍ക്കാര്‍ ആദ്യം ശ്രമിക്കുക. ഗ്രാമീണ – കാര്‍ഷിക മേഖലകളിലേക്ക് കൂടുതല്‍ പണം വകയിരുത്തുക കൂടി ചെയ്താല്‍ അത് വിപണിയെ കുറച്ചൊക്കെ സജീവമാക്കുമെന്ന് അവര്‍ കരുതുന്നു. ലയനത്തോടെ വലുതാകുന്ന ബേങ്കുകള്‍ക്ക് കൂടുതല്‍ വലിയ വായ്പകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയും കേന്ദ്ര സര്‍ക്കാറിനുണ്ട്. നിലവില്‍ രാജ്യത്ത് വളരുന്ന കട വിപണി വാഹന – ഭവന വായ്പകളുടേതാണ്. പിന്നെ സ്വര്‍ണപ്പണയത്തിന്‍മേല്‍ നല്‍കപ്പെടുന്ന കാര്‍ഷിക വായ്പയും. ഇതിനപ്പുറത്ത് ചെറുകിട – ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ടതോ വന്‍കിട വ്യവസായങ്ങളുമായി ബന്ധപ്പെട്ടതോ ആയ വായ്പാ വിപണി ഏതാണ്ട് മാന്ദ്യത്തിലാണ്. ഇതിലൊരു മാറ്റമുണ്ടാകണമെങ്കില്‍ വലിയ വായ്പകള്‍ നല്‍കാന്‍ ബേങ്കുകള്‍ തയ്യാറാകണം.

കിട്ടാക്കടത്തിന്റെ തോത് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഓരോ ബേങ്കിനും ഇതില്‍ പരിമിതിയുണ്ട്. ബേങ്കുകളെ ലയിപ്പിച്ച് വലുതാക്കുമ്പോള്‍ ആസ്തി വര്‍ധിക്കും. ഓഫീസുകളുടെയും ജീവനക്കാരുടെയും എണ്ണം കുറയുമെന്നതിനാല്‍ ലാഭം കൂടും. കിട്ടാക്കടം ശതമാനക്കണക്കില്‍ കുറയും. വലിയ വായ്പകളുടെ വിതരണത്തിലേക്ക് ബേങ്കുകള്‍ കടന്നാല്‍ ഉത്പാദന മേഖല സജീവമാകും. അതുവഴി വിപണിയിലേക്ക് പണമെത്തും. അതോടെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.
കമ്പോളത്തില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ പുലരുമ്പോള്‍ അതിന്റെ നടത്തിപ്പുകാരൊക്കെ ചിന്തിക്കുന്നത് പോലെ വായ്പയില്‍ അധിഷ്ഠിതമായുള്ള വളര്‍ച്ചയും അതിന്റെ തുടര്‍ച്ചയായുണ്ടാകുന്ന സമൃദ്ധിയുമാണ് ഇവിടെയും പ്രതീക്ഷിക്കുന്നത്. വളരെ വേഗം വളര്‍ച്ചയിലേക്ക് തിരിച്ചെത്താവുന്ന മുരടിപ്പാണോ രാജ്യത്തുള്ളത് എന്നതാണ് ഇവിടെ പ്രധാനപ്പെട്ട ചോദ്യം.

ഏതാണ്ടെല്ലാ മേഖലകളും തളരുകയും സമ്പദ് വ്യവസ്ഥ ഘടനാപരമായി തന്നെ പ്രതിസന്ധിയിലാകുകയും ദീര്‍ഘ കാലത്തേക്കുള്ള ആസൂത്രണം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് പൊടിക്കൈകള്‍ കൊണ്ട് പരിഹരിക്കാകുന്ന പ്രതിസന്ധിയല്ല. അത് മനസ്സിലാക്കാനുള്ള ശേഷിയില്ലാത്തവര്‍ സാമ്പത്തിക ഉത്തേജക പാക്കേജുകളെന്ന പേരില്‍ ചില മുഖം മിനുക്കലുകള്‍ പ്രഖ്യാപിക്കും. അതാണ് ഇപ്പോള്‍ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നതും.
ബേങ്കുകളുടെ ലയനം പ്രഖ്യാപിക്കുമ്പോള്‍ മറന്നുപോകുന്ന മറ്റൊന്ന്, ഇവയില്‍ പല ബേങ്കുകളും പൊതുമേഖലയില്‍ തുടരുമ്പോള്‍ തന്നെ ഏതെങ്കിലും പ്രദേശത്തിന്റെയോ സംസ്ഥാനത്തിന്റെയോ സമ്പദ് വ്യവസ്ഥക്ക് ബലമേകുന്നവ കൂടിയായിരുന്നു എന്നതാണ്. വലിയ ബേങ്കിന്റെ ഭാഗമാകുന്നതോടെ ഇത്തരത്തിലുള്ള മുന്‍ഗണനകള്‍ ഇല്ലാതാകും. ഇത് വിവിധ പ്രദേശങ്ങളിലുണ്ടാക്കുന്ന മുരടിപ്പുകള്‍ വേറെ. വളര്‍ച്ചാ വേഗം കൂട്ടാനെന്ന പേരില്‍ സ്വീകരിക്കുന്ന നടപടികള്‍ തന്നെ പല പ്രദേശങ്ങളുടെയും വളര്‍ച്ചക്ക് വിഘാതമാണെന്ന് ചുരുക്കം.

സ്വയം ഭരണാധികാരമുണ്ടായിരുന്ന സ്ഥാപനങ്ങളില്‍ ഏതാണ്ടെല്ലാറ്റിന്റെയും സ്വയം ഭരണാധികാരം ഇല്ലാതാക്കിയും അധികാര കേന്ദ്രീകരണത്തിന് സാധ്യമായ എല്ലാ വഴികളും തേടിയും മുന്നേറുന്ന സര്‍ക്കാര്‍ അതിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രതിസന്ധിയുടെ ആഴത്തെക്കുറിച്ച് ഒട്ടും ആശങ്കപ്പെടുന്നില്ല. ആഴം അറിയാത്തതു കൊണ്ടുമാത്രമല്ല, ആഴത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടണമെന്ന തീര്‍ച്ചയുള്ളതു കൊണ്ടുകൂടിയാണ്. ഇത്തരം പ്രതിസന്ധികള്‍ മൂലം സൃഷ്ടിക്കപ്പെടുന്ന സാമൂഹിക സംഘര്‍ഷാവസ്ഥ പോലും തീവ്ര ഹിന്ദുത്വ അജന്‍ഡകളില്‍ ശേഷിക്കുന്നവയുടെ നടപ്പാക്കലിനുള്ള ഉപാധിയായി മാറുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ട്. അതിലൂടെ ഹിന്ദു രാഷ്ട്ര സ്ഥാപനത്തിലേക്കുള്ള യാത്ര വേഗത്തിലാകുമെന്നും. രാജ്യത്തിന്റെ ആസൂത്രണ പ്രക്രിയയെ തകര്‍ത്തവര്‍, സ്വന്തം പദ്ധതികളുടെ നടത്തിപ്പിന് വേണ്ട ആസൂത്രണം സൂക്ഷ്മമായി തന്നെ നടത്തുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായി കൂടി ഓരോന്നിനെയും കാണേണ്ടി വരും.