Connect with us

Kerala

ആരോപണ കുരുക്കില്‍ ചെറുപുഴയിലെ കെ കരുണാകരന്‍ ട്രസ്റ്റ്; 'ആശുപത്രി ഷോപ്പിംഗ് കോംപ്ലക്‌സ്‌ ആക്കിയതില്‍ കോടികളുടെ വെട്ടിപ്പ്'

Published

|

Last Updated

കണ്ണൂര്‍: നിര്‍മാണതുക നല്‍കാത്തതിന്റെ പേരില്‍ കരാറുകാരന്‍ ആത്മഹത്യ ചെയ്ത ചെറുപുഴയിലെ കെ കരുണാടകരന്‍ ട്രസ്റ്റിനെതരി കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി കെ കരുണാകരന്‍ ട്രസ്റ്റ് തുടങ്ങിയ സംരംഭം ഷോപ്പിംഗ് കോംപ്ലക്‌സ് ആക്കിയതില്‍ കോടികളുടെ വെട്ടിപ്പ് നടന്നുവെന്ന് ട്രസ്റ്റ് മുന്‍ വൈസ് ചെയര്‍മാന്‍ ജെയിംസ് പന്തമാക്കന്‍ വെളിപ്പെടുത്തുന്നു. പോലീസിന് നേരത്തെ നല്‍കിയ പരാതി അന്വേഷിച്ചിരുന്നുവെങ്കില്‍ കരാറുകാരനായ ജോയിക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നും ജെയിംസ് പന്തമാക്കന്‍ പറഞ്ഞു.

ചെറുപുഴയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് 2011 ല്‍ കെ കരുണാകരന്‍ ട്രസ്റ്റ് രൂപവത്കരിച്ചത്. സ്ഥലം വാങ്ങി പണി തുടങ്ങുന്നതിന് മുമ്പ് ധനസമാഹരണത്തിനാണ് ട്രസ്റ്റിന് പുറമെ ചെറുപുഴ ഡെവലപ്പേഴ്‌സ് രൂപീകരിക്കുന്നത്. പണി പൂര്‍ത്തിയായ ഉടനെ 90 സെന്റും മുകള്‍ നിലയിലെ ഫ്‌ളാറ്റുകളും ട്രസ്റ്റ് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ഉള്‍പ്പെട്ട സിയാഡ് എന്ന കമ്പനിക്ക് വിറ്റു.

ട്രസ്റ്റിലും ചെറുപുഴ ഡെവലപ്പേഴ്‌സിലും ഉള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഫ്‌ളാറ്റ് വാങ്ങിയ സിയാഡ് എന്ന കമ്പനിയിലും വലിയ ഓഹരികളുണ്ട്. ബാക്കി കടമുറികള്‍ കൂടി വിറ്റവകയിലുള്ള കോടികള്‍ കെ കരുണാകരന്‍ ട്രസ്റ്റിലേക്ക് എത്തിയില്ല. കൂടാതെ ട്രസ്റ്റിന്റെ ഭാഗമാകേണ്ട ആസ്തികളും കോണ്‍ഗ്രസ് നേതാക്കള്‍ വീതം വെച്ചു.

2015 ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ആശുപത്രിക്ക് തറക്കല്ലിടുന്നത്. ബാധ്യതകള്‍ തീര്‍ന്നിട്ടില്ലെന്നാണ് ചെറുപുഴ ഡെവലപ്പേഴ്‌സ് വിശദീകരിക്കുന്നത്. നിലവിലുള്ള ക്ലിനിക്കാകട്ടെ, കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രിയെന്ന ബോര്‍ഡ് മാത്രം വെച്ച് കാഞ്ഞങ്ങാട്ടെ സ്വകാര്യ ഏജന്‍സിക്ക് വാടകക്ക് കൊടുത്തു. ജോയിയുടെ ആത്മഹത്യക്ക് തൊട്ടു പിന്നാലെ ബോര്‍ഡുകള്‍ നീക്കി. കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി തന്നെ അപ്രത്യക്ഷമായതായി ജെയിംസ് പന്തമാക്കന്‍ പറയുന്നു.

---- facebook comment plugin here -----

Latest