മസൂദ്‌ അസ്ഹറിന കരുതല്‍ തടങ്കലില്‍ നിന്ന് പാക്കിസ്ഥാന്‍ മോചിതനാക്കിയതായി റിപ്പോര്‍ട്ട്

Posted on: September 9, 2019 9:52 am | Last updated: September 9, 2019 at 1:21 pm

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍മോചിതനാക്കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഭീകരാക്രമണം ശക്തിപ്പെടുത്താന്‍ പാക് പദ്ധതിയുണ്ടെന്നും ഇതിന് ചുക്കാന്‍് പിടിക്കാനാണ് മസൂദിനെ വിട്ടയച്ചതെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ശത്രുത വര്‍ധിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാക് സൈനിക സ്വാധീനം ശക്തിപ്പെടുത്തിയിണ്ട്. ജമ്മുകാശ്മീര്‍- സിയാല്‍ഡകോട്ട് മേഖലയില്‍ വലിയ തോതില്‍ സേന വിന്യാസം പാക്കിസ്ഥാന്‍ നടത്തുന്നുണ്ട്. ഇത് ഒരു ആക്രമണത്തിനുള്ള നീക്കമാണെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബി എസ് എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസര്‍ കരുതല്‍ തടങ്കലിലാണെന്നായിരുന്നു പാകിസ്ഥാന്‍ പറഞ്ഞിരുന്നത്.