‘നൂറ് ദിനംകൊണ്ട് 130കോടി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്തു’; വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി മോദി

Posted on: September 8, 2019 7:57 pm | Last updated: September 9, 2019 at 10:48 am

ന്യൂഡല്‍ഹി: അധികാരത്തിലേറി നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ 130 കോടി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ എന്‍ഡിഎ സര്‍ക്കാറിനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം, വിശ്വാസ്യത, വലിയ മാറ്റങ്ങള്‍ എന്നിവയാണു ആദ്യ നൂറുദിവസം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയുടെ മുന്നിലേക്കു വെക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിലെ റോഹ്തകില്‍ ഒരു റാലിയില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നൂറു ദിവസത്തിനകം എത്രയേറെ വലിയ തീരുമാനങ്ങളാണു സര്‍ക്കാര്‍ എടുത്തതെന്നു ജനങ്ങള്‍ക്കറിയാം.
ആദ്യ നൂറുദിവസത്തെ ശക്തമായ തീരുമാനങ്ങള്‍ വരുംകാലങ്ങളില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു സഹായകരമാകും.കശ്മീര്‍ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ പ്രചോദനം കൊണ്ടാണ് സാധിച്ചത്. 60 വര്‍ഷത്തെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായാണു കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇത്രയേറേ പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കുന്നത്.ഏറെ നൂതന പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ഇക്കാലംകൊണ്ട് കഴിഞ്ഞു. അതിന് എല്ലാ രാഷ്ട്രീയ കക്ഷികളോടും നന്ദി പറയുന്നു. കര്‍ഷക ക്ഷേമ പെന്‍ഷന്‍ പദ്ധതി പോലെ തന്നെ ചെറുകിട വ്യവസായികള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും മോദി പറഞ്ഞു.