രാജ്യത്ത് ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും തുടരാന്‍ അനുവദിക്കില്ല: അമിത് ഷാ

Posted on: September 8, 2019 7:09 pm | Last updated: September 9, 2019 at 12:43 pm

ഗുവഹാട്ടി: ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് പ്രതിബന്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അസമിലെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അമിത ഷാ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സിലിന്റെ പ്ലീനറി സമ്മേളനത്തോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദേശീയ പൗരത്വ രജിസറ്ററില്‍ ഉള്‍പ്പെടുത്താനായി 3,30,27,661 പേര്‍ അപേക്ഷിച്ചിരുന്നുവെങ്കിലും 19,06,657 പേര്‍ ഒഴിവാക്കപ്പെട്ടു. നിലവില്‍ 3,11,21,004 പേരാണ് രജിസ്റ്ററില്‍ ഉള്‍പ്പെട്ടത്.